“പ്രതികാരം എന്നത് ഇറാനികള്‍ക്ക് വെറുമൊരു വാക്കല്ല ശത്രു ഏത് വൻശക്തിയായാലും കൃത്യസമയത്ത്, കടുത്ത ശാന്തതയോടെയും അതിലേറെ കൃത്യതയോടെയും നടപ്പാക്കേണ്ട ഒരു കടമയാണ്”.
അമേരിക്കയുടെ നെഞ്ച് തുളച്ചുകൊണ്ട് ഇറാന്റെ മിസൈലുകള്‍ ആകാശത്ത് അഗ്നിവർഷം തീർത്തപ്പോള്‍ ലോകത്തിന് മുന്നില്‍ തെളിഞ്ഞത് ഇതേ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. വൻശക്തികളുടെ കളിത്തട്ടില്‍ ഇത്തവണ കളിനിയമങ്ങള്‍ മാറ്റിമറിക്കാൻ തന്നെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ നാവികസേനയ്ക്കും കപ്പലുകള്‍ക്കും നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി, ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവർ കളം നിറഞ്ഞപ്പോള്‍ ലോകപൊലീസിന്റെ അധികാര കേന്ദ്രങ്ങളാണ് വിറകൊണ്ടത്.
അമേരിക്കയുടെ പ്രവർത്തിയുടെയും അവരുടെ നാവിന്റെയും ഗുണം കൊണ്ട് ഇറാന്റെ മിസൈലുകള്‍ നേരെ ചെന്ന് കയറി തകർത്തെറിഞ്ഞത് കേവലം അഞ്ചോ പത്തോ കേന്ദ്രങ്ങളല്ല, അതിനുത്തരം അമ്പതോ അറുപതോ ഒന്നുമല്ല, മറിച്ച് ലോകപൊലീസിന്റെ കൃത്യം 85 സൈനിക താവളങ്ങളാണ്. തങ്ങളുടെ നാവികക്കരുത്ത് കൊണ്ട് ഇറാന്റെ മിസൈലുകളെ തളയ്ക്കാനാവുമെന്ന അമേരിക്കയുടെ പറിച്ചിലുകള്‍ വെറും വാചകക്കസർത്തുകള്‍ മാത്രമായിരുന്നെന്ന് ഈ കനത്ത പ്രഹരം തെളിയിക്കുന്നു.
സാമ്രാജ്യത്വത്തിന്റെ അഹങ്കാരവുമായി ഇറാനെ തൊടാൻ വന്നവർക്ക് സ്വന്തം താവളങ്ങള്‍ ഒന്നൊന്നായി തകർന്നടിയുന്നത് നോക്കിനില്‍ക്കേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം.ഇതിനെ വെറുമൊരു ആക്രമണമായോ തിരിച്ചടിയായോ മാത്രം കണ്ട് തള്ളിക്കളയാൻ അമേരിക്കയ്ക്ക് കഴിയില്ല ഇതൊരു സാമ്പിള്‍ മാത്രമാണ്. പശ്ചിമേഷ്യൻ മണ്ണില്‍ ഇനി തങ്ങളുടെ ആധിപത്യം നടക്കില്ലെന്ന കൃത്യമായ മുന്നറിയിപ്പാണ് ഈ 85 താവളങ്ങളുടെ തകർച്ചയിലൂടെ ഇറാൻ അമേരിക്കയ്ക്ക് നല്‍കിയിരിക്കുന്നത്.. പതിറ്റാണ്ടുകളായി പശ്ചിമേഷ്യയില്‍ ആധിപത്യം ഉറപ്പിച്ച വൻശക്തികളെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ഇറാൻ തങ്ങളുടെ യഥാർത്ഥ പ്രതിരോധ ശേഷി പുറത്തെടുക്കുമ്പോള്‍, ആഗോള ഊർജ്ജ വിപണിയും ലോകരാഷ്ട്രങ്ങളും ഒരുപോലെ പകച്ചുനില്‍ക്കുകയാണ്. ഇത് വെറുമൊരു പ്രാദേശിക തർക്കമല്ല, മറിച്ച് പശ്ചിമേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും തിരുത്തിയെഴുതാൻ പോന്ന ഒരു മഹാ യുദ്ധത്തിന്റെ തുടക്കമാണ്.
ഇറാന്റെ തെക്കൻ പ്രദേശങ്ങള്‍ക്കെതിരായ അമേരിക്കൻ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഹോർമോസ്ഗാൻ പ്രവിശ്യയിലെയും മഹ്ഷഹറിലെയും തീരദേശ താവളങ്ങള്‍ക്കും സൈനികേതര കേന്ദ്രങ്ങള്‍ക്കും നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഈ ആക്രമണം നിലവിലുണ്ടായിരുന്ന വെടിനിർത്തല്‍ ധാരണകളുടെ പരസ്യമായ ലംഘനമാണെന്നും ഇരു പക്ഷങ്ങളും തമ്മില്‍ നിലനിന്നിരുന്ന ഇസ്ലാമാബാദ് ധാരണയെ അമേരിക്ക ചവിട്ടിമെതിച്ചുവെന്നുമാണ് ഇറാന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രതികരണം ആരംഭിച്ചതായി ഐആർജിസി വ്യക്തമാക്കിയത്.
ഐആർജിസിയുടെ പ്രസ്താവന പ്രകാരം, ബഹ്‌റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായത്. ബഹ്‌റൈനിലെ പോർട്ട് സല്‍മാൻ മേഖലയിലുള്ള അമേരിക്കൻ അഞ്ചാം നാവികസേനയുടെ പ്രവർത്തന മേഖലയും കുവൈറ്റിലെ അലി അല്‍ സലേം വ്യോമതാവളവും ഉള്‍പ്പെടെ നിരവധി അമേരിക്കൻ സൈനിക സൗകര്യങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കപ്പെട്ടുവെന്നാണ് അവകാശവാദം. സംയുക്ത മിസൈല്‍-ഡ്രോണ്‍ ഓപ്പറേഷനിലൂടെയാണ് ഈ ആക്രമണം നടത്തിയതെന്നും അമേരിക്കയുടെ നിരീക്ഷണ-ആക്രമണ ശേഷിയുടെ പ്രധാന ഘടകമായ ഒരു എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഐആർജിസി അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ ഹൃദയഭാഗമായാണ് ബഹ്‌റൈനിലെ അഞ്ചാം നാവികസേനയുടെ ആസ്ഥാനം കണക്കാക്കപ്പെടുന്നത്. പേർഷ്യൻ ഗള്‍ഫിലെയും ഹോർമുസ് കടലിടുക്കിലെയും അമേരിക്കൻ നാവിക പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം കൂടിയാണിത്. അതേസമയം, കുവൈറ്റിലെ അലി അല്‍ സലേം വ്യോമതാവളം അമേരിക്കൻ വ്യോമസേനയുടെ പ്രധാന താവളങ്ങളിലൊന്നാണ്. ഈ കേന്ദ്രങ്ങള്‍ നേരിട്ട് ലക്ഷ്യമാക്കപ്പെട്ടെന്ന അവകാശവാദം ശരിയാണെങ്കില്‍, അത് അമേരിക്കയ്ക്കെതിരായ സാധാരണ പ്രത്യാക്രമണമല്ലെന്നും മറിച്ച് പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ നേരിട്ട് വെല്ലുവിളിക്കുന്ന നീക്കമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ഈ സംഭവങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലവും ശ്രദ്ധേയമാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ വധവും തുടർന്ന് നടന്ന ശവസംസ്കാര ചടങ്ങുകളും ഇറാനിയൻ സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നാണ് ഐആർജിസി പറയുന്നത്. ടെഹ്‌റാനിലും ഖോമിലും തുടർന്ന് ഇറാഖിലെ നജാഫ്, കർബല തുടങ്ങിയ വിശുദ്ധ നഗരങ്ങളിലുമായി നടന്ന വിടവാങ്ങല്‍ ചടങ്ങുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നാണ് ഇറാന്റെ അവകാശവാദം. ഈ ജനപങ്കാളിത്തവും അതിന്റെ ആഗോള രാഷ്ട്രീയ പ്രതിഫലനവും മറച്ചുവെക്കാനാണ് അമേരിക്ക ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഐആർജിസിയുടെ നിലപാട്.
അമേരിക്കൻ നടപടികള്‍ രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടുവെന്നാണ് ഇറാന്റെ വിലയിരുത്തല്‍. ജനങ്ങളുടെ വികാരങ്ങളെ തകർക്കാനും ദേശീയ ഐക്യം ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ തിരിച്ചടിയായെന്നും മറിച്ച് രാജ്യത്തിനകത്തെ പ്രതിരോധ മനോഭാവം കൂടുതല്‍ ശക്തിപ്പെട്ടുവെന്നുമാണ് ഇറാനിയൻ വാദം. ദേശീയ അഭിമാനത്തിന്റെയും മതപരമായ വികാരങ്ങളുടെയും പ്രതീകമായി മാറിയ നേതാവിന്റെ ശവസംസ്കാര ചടങ്ങുകള്‍ ലോകശ്രദ്ധ നേടിയതോടെ അമേരിക്കയ്ക്ക് രാഷ്ട്രീയ തിരിച്ചടി നേരിട്ടുവെന്നും അവർ പറയുന്നു.
ഇതിനിടെ, ഐആർജിസി നാവികസേനാ മേധാവി നടത്തിയ പ്രസ്താവനകളും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ പ്രതികാരം അവസാനിച്ചിട്ടില്ലെന്നും അതിന്റെ തുടർച്ചയായ നടപടികള്‍ ഇനിയും ഉണ്ടാകാമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. രക്തസാക്ഷിത്വം വരിച്ച നേതാവിന്റെ പാത പിന്തുടരാൻ ഇറാന്റെ സായുധ സേന പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഉയരുന്നത് ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചാണ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ വലിയൊരു പങ്ക് ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഇവിടെ സംഘർഷം രൂക്ഷമാകുന്നത് ആഗോള എണ്ണവിലകളിലും വ്യാപാരപാതകളിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയാക്കും. ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യവും ഇറാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും കണക്കിലെടുക്കുമ്പോള്‍, ചെറിയ ഒരു ഏറ്റുമുട്ടല്‍ പോലും വലിയ പ്രാദേശിക യുദ്ധത്തിലേക്ക് വളരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പശ്ചിമേഷ്യയിലെ ഓരോ പുതിയ സ്ഫോടനവും ലോക സമ്പദ്‌വ്യവസ്ഥയുടെയും അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന്റെയും നാഡികളെയാണ് സ്പർശിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും തുറന്ന സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണോ, അതോ നയതന്ത്ര ഇടപെടലുകള്‍ക്ക് ഇപ്പോഴും അവസരമുണ്ടോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
ചരിത്രം വീണ്ടും വീണ്ടും തെളിയിച്ച ഒരു സത്യമുണ്ട് മിസൈലുകള്‍ക്ക് നഗരങ്ങളെ തകർക്കാൻ കഴിയും, പക്ഷേ ഒരു ജനതയുടെ രാഷ്ട്രീയ മനോവീര്യത്തെയും നിലപാടിനെയും അത്ര എളുപ്പത്തില്‍ ഒരു ശക്തിക്കും തകർക്കാൻ കഴിയില്ല. എന്തായാലും ഒരു കാര്യം മാത്രം വ്യക്തമാണ് ഗള്‍ഫിന്റെ ആകാശത്ത് മുഴങ്ങിയത് വെറും മിസൈലുകളുടെ ശബ്ദമല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന ആഗോള ശക്തിസമവാക്യങ്ങളുടെ പ്രതിധ്വനിയുമായിരുന്നു.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
വീഡിയോ കാണാം….

