ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നികുതിദായകർക്കിടയില്‍ ഇപ്പോഴും അലസത.
ശമ്പള വരുമാനക്കാർ ഉള്‍പ്പെടെയുള്ളവർക്ക് ജൂലൈ 31 ആണ് അവസാന തീയതി. എന്നാല്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറച്ചുപേർ മാത്രമാണ് ഇത്തവണ ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ്
കഴിഞ്ഞ വർഷം ഇതേസമയം 2 കോടിയിലധികം പേർ റിട്ടേണ്‍ സമർപ്പിച്ചിരുന്നെങ്കില്‍, ഇത്തവണ അത് വെറും 64 ലക്ഷമായി ചുരുങ്ങി. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 68 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം കാലാവധിക്ക് ഒരു മാസം മുമ്പ് 42 ശതമാനം റിട്ടേണ്‍ ഫയലിങ് പൂർത്തിയായിരുന്നുവെങ്കില്‍, ഇത്തവണ അത് വെറും 13 ശതമാനത്തില്‍ ഒതുങ്ങി.
എന്തിന് തിരക്കുകൂട്ടണം?
കഴിഞ്ഞ വർഷം കാലാവധി സെപ്റ്റംബർ വരെ നീട്ടിയതുകൊണ്ട് ഇത്തവണയും അങ്ങനെ സംഭവിക്കുമെന്ന് പല നികുതിദായകരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, ഐടിആർ-1, ഐടിആർ-2 ഫോമുകള്‍ നേരത്തെ തന്നെ ലഭ്യമാക്കിയതിനാല്‍ ഇത്തവണ കാലാവധി നീട്ടാൻ സാധ്യതയില്ലെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ബിസിനസ് വരുമാനമുള്ളവർക്ക് (ITR-3, ITR-4) ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, ശമ്പള വരുമാനക്കാർ അവസാന നിമിഷം വരെ കാത്തുനില്‍ക്കരുത്.
വൈകിയാല്‍ നഷ്ടങ്ങള്‍ ഏറെ
അവസാന നിമിഷം ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈൻ പോർട്ടലില്‍ വലിയ തിരക്കിന് കാരണമാകും, ഇത് സാങ്കേതിക തടസ്സങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. ധൃതിയില്‍ ഫയല്‍ ചെയ്യുമ്പോള്‍ അർഹമായ പല ആനുകൂല്യങ്ങളും നികുതി ഇളവുകളും രേഖപ്പെടുത്താൻ വിട്ടുപോയേക്കാം. ഇത് ലഭിക്കേണ്ട റീഫണ്ട് തുക കുറയാനും കാരണമാകും.
ജൂലൈ 31-നകം റിട്ടേണ്‍ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ ‘വൈകിയുള്ള റിട്ടേണ്‍’ സമർപ്പിക്കാൻ അവസരമുണ്ട്. എന്നാല്‍ ഇതിന് 5,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. വരുമാനം 5 ലക്ഷത്തില്‍ താഴെയുള്ളവർക്ക് 1,000 രൂപയായിരിക്കും പിഴ. റിട്ടേണ്‍ ഫയല്‍ ചെയ്ത ശേഷം കൃത്യസമയത്ത് ഇ-വെരിഫിക്കേഷൻ ചെയ്തില്ലെങ്കില്‍ റീഫണ്ട് ലഭിക്കാനുള്ള അർഹതയും നഷ്ടപ്പെട്ടേക്കാം.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

