ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുന്നതില്‍ മാറ്റം. ഔദ്യോഗിക കിറ്റ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഷോട്ട്പുട്ട് താരം തജീന്ദർപാല്‍ സിങ്ങിന് പകരം കബഡി താരം പവൻ സെഹ്‌റാവത് ഷൂട്ടർ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തും.
നിലവില്‍ സുസുകൂവയിലെ അത്‌ലറ്റിക്‌സ് പരിശീലന കേന്ദ്രത്തിലുള്ള തജീന്ദറിന് നഗോയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
തുടർന്ന് കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ സ്വർണം നേടിയ ഇന്ത്യൻ കബഡി ടീം അംഗവും പ്രമുഖ താരവുമായ പവൻ സെഹ്‌റാവതിനെ മാർച്ച് പാസ്റ്റില്‍ പതാകയേന്താൻ തിരഞ്ഞെടുക്കുകയായിരുന്നു. 35 കായിക ഇനങ്ങളിലായി 503 അത്ലറ്റുകളാണ് ഇന്ത്യക്കായി ഇത്തവണ അണിനിരക്കുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ 28 സ്വർണമടക്കം 107 മെഡലുകള്‍ നേടിയ ചരിത്രനേട്ടം ആവർത്തിക്കുകയാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.

