ആഗോളതലത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഡാറ്റാ സെന്ററുകള്‍ക്കായി നടത്തുന്ന വൻതോതിലുള്ള നിക്ഷേപങ്ങള്‍ സ്മാർട്ട്ഫോണ്‍ വിപണിയെയും റാം ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുകയാണ്.
ഇതിന്റെ ഫലമായി ചിപ്പ് നിർമ്മാണ മേഖലയില്‍ ഉണ്ടായ വലിയ പ്രതിസന്ധിയും വിലക്കയറ്റവും സ്മാർട്ട്ഫോണ്‍ നിർമ്മാതാക്കള്‍ക്ക് എത്രത്തോളം ഭീമമായ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷവോമി പ്രസിഡന്റ് ലു വെയ്ബിംഗ്. കഴിഞ്ഞ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു സ്മാർട്ട്ഫോണിന് ആവശ്യമായ 12GB RAM, 512GB സ്റ്റോറേജ് പാക്കേജിന് മാത്രം കമ്പനി ഇപ്പോള്‍ 1,500 യുവാൻ (ഏകദേശം $217) അധികം നല്‍കേണ്ടി വരുന്നു എന്നാണ് അദ്ദേഹം വെയ്ബോയിലൂടെ അറിയിച്ചത്.
ഈ കണക്കുകള്‍ കൂടുതല്‍ ലളിതമായി പരിശോധിച്ചാല്‍ വിപണിയിലെ ഭീകരമായ അവസ്ഥ വ്യക്തമാകും. കഴിഞ്ഞ വർഷം ഇതേ സ്റ്റോറേജ് പാക്കേജിന് ഷവോമി ഏകദേശം $72 ആണ് നല്‍കിയിരുന്നതെങ്കില്‍, നിലവില്‍ അതിന്റെ വില ഏകദേശം $288 ആയി ഉയർന്നിരിക്കുകയാണ്. അതായത് ഏകദേശം നാലിരട്ടി വർദ്ധനവ്. ഒരു സാധാരണ മിഡ്-റേഞ്ച് സ്മാർട്ട്ഫോണിന്റെ മൊത്തം വിലയോളം വരും ഈ ഒരൊറ്റ ചിപ്പ് പാക്കേജിന്റെ മാത്രം വില എന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. ചിപ്പ് വിലയില്‍ ഇത്രയും വലിയ വർദ്ധനവ് ഉണ്ടായിട്ടും ഉപഭോക്താക്കളെ പൂർണ്ണമായും ബാധിക്കാത്ത രീതിയിലാണ് കമ്പനി നിലവില്‍ മുന്നോട്ട് പോകുന്നത്.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 11 മുതല്‍ റെഡ്മി K90 പ്രോ മാക്സ് മോഡലിന് ചൈനീസ് വിപണിയില്‍ 200 യുവാൻ ($29) വർദ്ധിപ്പിക്കുമെന്ന് ഷവോമി പ്രഖ്യാപിച്ചു. ചിപ്പ് വിലയില്‍ ഉണ്ടായ $217 വർദ്ധനവിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കമ്പനി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്, ബാക്കി വരുന്ന വലിയ തുക കമ്പനി തന്നെ സഹിക്കുകയാണ് ചെയ്യുന്നത്. കൂടാതെ റെഡ്മി ടർബോ 5 സീരീസിനായി നല്‍കിയിരുന്ന പ്രത്യേക ഓഫറുകളും പ്രൊമോകളും കമ്പനി റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ ചൈനീസ് വിപണിയെ ലക്ഷ്യം വെച്ചാണ് ഈ വിലക്കയറ്റം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, ആഗോളതലത്തില്‍ ചിപ്പ് പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും മാസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലും സ്മാർട്ട്ഫോണുകള്‍ക്ക് വലിയ തോതില്‍ വില കൂടാൻ സാധ്യതയുണ്ട്. സ്വഭാവികമായും AI വിപ്ലവം ഡാറ്റാ സെന്ററുകളുടെ ആവശ്യം വർദ്ധിപ്പിച്ചത് സാധാരണക്കാരായ സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കളുടെ പോക്കറ്റിനെക്കൂടി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

