ഒരുകാലത്ത് ആയുധങ്ങള്‍ക്കായി ലോകത്തെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ആഗോള പ്രതിരോധ ഭൂപടത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ്.
‘മേക്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തില്‍ നിന്ന് ‘മേക്ക് ഫോർ ദി വേള്‍ഡ്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന്റെ അടയാളമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈല്‍. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിനായി ഇന്ന് ആറോളം രാജ്യങ്ങള്‍ വരിനില്‍ക്കുന്നുവെന്നത് ഇന്ത്യൻ പ്രതിരോധ സാങ്കേതികവിദ്യയുടെ വളർച്ചയാണ് വിളിച്ചോതുന്നത്.
ഫിലിപ്പീൻസിന് പിന്നാലെ വിയറ്റ്നാം, ഇന്തോനേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, തായ്‌ലൻഡ്, ബ്രസീല്‍, ചിലി തുടങ്ങിയ രാജ്യങ്ങള്‍ ബ്രഹ്മോസ് സ്വന്തമാക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് അമേരിക്കയുടെ ടോമാഹോക്ക്, റഷ്യയുടെ കാലിബർ, ചൈനയുടെ വൈജെ-18 തുടങ്ങിയ ലോകോത്തര മിസൈലുകള്‍ക്കിടയില്‍ ബ്രഹ്മോസ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നത്?
ബ്രഹ്മോസ് വേറിട്ടുനില്‍ക്കുന്നത് എന്തിന്?
- അതിവേഗം: മാക് 2.8 മുതല്‍ 3 വരെ വേഗതയില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ്, ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തിരിച്ചടിക്കാൻ സമയം പോലും നല്‍കാത്തത്ര വേഗതയുള്ളതാണ്. ടോമാഹോക്കിന്റെയും കാലിബറിന്റെയും സബ്‌സോണിക് വേഗതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ബ്രഹ്മോസിന് വ്യക്തമായ മുൻതൂക്കം നല്‍കുന്നു.
- ബഹുമുഖ ശേഷി: കര, നാവിക, വ്യോമ സേനകള്‍ക്ക് ഒരേപോലെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അന്തർവാഹിനികളില്‍ നിന്നും യുദ്ധവിമാനങ്ങളില്‍ നിന്നും വരെ വിക്ഷേപിക്കാവുന്ന ഈ വഴക്കം ഒരൊറ്റ മിസൈല്‍ തേടുന്ന രാജ്യങ്ങള്‍ക്ക് വലിയ ആകർഷണമാണ്.
ALSO READ: അമേരിക്കയ്ക്ക് പണി അറിയില്ല, പഠിപ്പിക്കാം..! സ്വയം സംരക്ഷിക്കാൻ പോലും കഴിയുന്നില്ല', ചുട്ടമറുപടിയുമായി ഇറാൻ - കൃത്യത: അത്യാധുനിക ഇൻഷെർഷ്യല്‍ നാവിഗേഷൻ, സാറ്റലൈറ്റ് നാവിഗേഷൻ, ആക്റ്റീവ് റഡാർ ഹോമിംഗ് എന്നീ സംവിധാനങ്ങള്‍ ബ്രഹ്മോസിനെ അതീവ കൃത്യതയുള്ള ആയുധമാക്കുന്നു.
- ചെലവ്: മറ്റ് ആഗോള മിസൈല്‍ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, മികച്ച പ്രവർത്തന മികവിനൊപ്പം തന്നെ മത്സരചെലവും ഇന്ത്യ ഉറപ്പാക്കുന്നു.
ഇന്ത്യ-റഷ്യ സാങ്കേതിക പങ്കാളിത്തത്തിന്റെ ഈ അത്ഭുത ആയുധം, വെറുമൊരു പ്രതിരോധ ആയുധം എന്നതിലുപരി ഇന്ത്യയുടെ നയതന്ത്ര കരുത്തു കൂടിയാണ്. ദീർഘദൂര ദൗത്യങ്ങളില്‍ അമേരിക്കൻ, റഷ്യൻ മിസൈലുകള്‍ക്ക് മുൻതൂക്കമുണ്ടെങ്കിലും, വേഗതയും കൃത്യതയും ബഹുമുഖ ഉപയോഗവും കൊണ്ട് ബ്രഹ്മോസ് ഇന്ന് ആഗോളവിപണിയിലെ കിരീടം വെക്കാത്ത രാജാവായി മാറുകയാണ്. ലോകരാഷ്ട്രങ്ങള്‍ ബ്രഹ്മോസിനെ നോക്കിക്കാണുന്നത് കേവലം ഒരു മിസൈല്‍ എന്നതിലുപരി, യുദ്ധതന്ത്രങ്ങളില്‍ നിർണ്ണായകമാകുന്ന ഒരു ‘ഗെയിം ചേഞ്ചർ’ എന്ന നിലയിലാണ്. ഇന്ത്യൻ പ്രതിരോധ കയറ്റുമതിയുടെ ചരിത്രത്തിലെ പുതിയ അധ്യായമാകും വരും വർഷങ്ങളില്‍ ബ്രഹ്മോസ് എഴുതിച്ചേർക്കുക.

