മുംബൈ: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ചത് ഹോക്കി ഇന്ത്യയില്‍ വലിയ ഭരണപ്രതിസന്ധിക്ക് കാരണമായിരിക്കുന്നു.
വെറുമൊരു നിറം മാറ്റം എന്നതിലുപരി സംഘടനയ്ക്കുള്ളിലെ അധികാരത്തെയും സുതാര്യതയെയും കുറിച്ചുള്ള കടുത്ത തർക്കമായാണ് വിഷയം മാറിയിരിക്കുന്നത്. വിഷയത്തില്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതിനകം തന്നെ വാർത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.
ജേഴ്‌സിയുടെ നിറം മാറ്റത്തിന് പിന്നിലെ അധികാരാവകാശത്തെക്കുറിച്ച് ചോദ്യം ചെയ്ത് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി ഫെഡറേഷൻ ഡയറക്ടർ ജനറല്‍ സിഡിആർ ആർ.കെ. ശ്രീവാസ്തവയ്ക്ക് കത്തയച്ചു. ജേഴ്സി മാറ്റം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിലവിലുള്ള ഭരണസംവിധാനങ്ങളെയും ചട്ടങ്ങളെയും ബോർഡിന്റെ അനുമതിയെയും ലംഘിച്ചോ എന്നാണ് അദ്ദേഹം പ്രധാനമായും ചോദിക്കുന്നത്.
ഒളിമ്പ്യന്മാരും മുൻ രാജ്യാന്തര താരങ്ങളും ഉള്‍പ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് ബോർഡിനെ ഈ സുപ്രധാന തീരുമാനത്തില്‍ പങ്കാളികളാക്കിയില്ലെന്ന് ടിർക്കി ആരോപിക്കുന്നു. ഭരണപരമായ ചുമതലകള്‍ ഉണ്ടെന്നതുകൊണ്ട് ഡയറക്ടർ ജനറലിന് തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ അധികാരത്തെ മറികടക്കാൻ കഴിയില്ലെന്ന് അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാണിച്ചു. ജേഴ്സി മാറ്റത്തെക്കുറിച്ച് പ്രസിഡന്റ് പോലും അറിഞ്ഞത് അത് പുറത്തിറക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വന്ന ഒരു വാട്ട്സ്‌ആപ്പ് സന്ദേശത്തിലൂടെ മാത്രമാണെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.
ഓഗസ്റ്റ് 15-ന് നെതർലൻഡ്സിലും ബെല്‍ജിയത്തിലുമായി ആരംഭിക്കുന്ന ഹോക്കി ലോകകപ്പിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തരമൊരു മാറ്റം കൊണ്ടുവന്നത് കളിക്കാരുടെ ശ്രദ്ധ തിരിക്കാനും ടീമില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും കാരണമാകുമെന്ന് ടിർക്കി ഭയപ്പെടുന്നു. ‘ഹോക്കി ഇന്ത്യ എന്നത് ഇന്ത്യൻ ഹോക്കിയുടെ ഉടമകളല്ല, മറിച്ച് ഒരു ദേശീയ കായിക പാരമ്പര്യത്തിന്റെ സംരക്ഷകർ മാത്രമാണ്’ എന്ന് ഓർമിപ്പിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങളില്‍ ഉയർന്ന നിലവാരത്തിലുള്ള സുതാര്യത ഉറപ്പാക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
കളിക്കളത്തിലെ നീല സിന്തറ്റിക് ടർഫുമായി പരമ്പരാഗത നീല ജേഴ്സിയുടെ നിറത്തിനുള്ള സാമ്യം കാരണം കളിക്കാർക്ക് ഫീല്‍ഡില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ മാറ്റമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. കളിക്കാർക്കും പരിശീലകർക്കും പിച്ചിന്റെ നിറവുമായി ജേഴ്സി കലർന്നുപോകുന്നതായി പരാതിയുള്ളതിനാലാണ് ഈ മാറ്റം വരുത്തിയതെന്ന് ഭരണസമിതി വാദിക്കുമ്പോഴും, കൃത്യമായ ചർച്ചകളില്ലാതെ നടപ്പാക്കിയ ഏകപക്ഷീയമായ ഈ തീരുമാനം ഇന്ത്യൻ ഹോക്കിയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

