ഡോണ്‍ബാസിന്റെ സമ്പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കാതെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചാല്‍ തനിക്ക് ഗുരുതരമായ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഭയപ്പെടുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ഇക്കണോമിസ്റ്റ്' റിപ്പോർട്ട് ചെയ്തതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ തനിക്ക് കടുത്ത ഭീഷണി ഉണ്ടായേക്കാമെന്നും, ഡോണ്‍ബാസ് മുഴുവൻ പിടിച്ചെടുക്കാതെ പിന്മാറിയാല്‍ “അവർ എന്നെ തൂക്കിലേറ്റും” എന്ന് പുടിൻ സ്വകാര്യ സംഭാഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചതായും റഷ്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെയും സൈനിക പ്രകടനത്തെയും കുറിച്ച് കടുത്ത നിരാശ പടരുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടപ്പെടുന്നുവെന്ന തോന്നല്‍ റഷ്യൻ ഉന്നതർക്കിടയില്‍ വളർന്നുവരുന്നുണ്ടെന്നും, യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ അന്തിമഫലം എന്തുതന്നെയായാലും അതൊരു പരാജയമായാണ് പലരും കാണുന്നതെന്നും ന്യൂസ് 18 വ്യക്തമാക്കുന്നു. എങ്കിലും, ഈ വെളിപ്പെടുത്തലുകളോട് റഷ്യ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായ നിലപാട് ആവർത്തിച്ചു. കിർഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അനന്തമായ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്കും ചർച്ചകളിലേക്കും നീങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിനായി ചെലവഴിക്കുന്ന ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ട് നയിക്കുകയാണെന്നും സമാധാനപരമായ പരിഹാരമാണ് ലോകത്തിന്റെ ആവശ്യമെന്നും മോദി ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ സമാധാനാഹ്വനത്തോട് റഷ്യ അനുകൂലമായി പ്രതികരിച്ചെങ്കിലും യുക്രെയ്നിലെ സൈനിക നടപടികള്‍ മോസ്കോ തുടരുകയാണ്. റഷ്യൻ നേതൃത്വത്തിന്റെ നിലപാടുകള്‍ ദുർബലമായെന്ന തരത്തിലുള്ള പടിഞ്ഞാറൻ മാധ്യമങ്ങളുടെ അവകാശവാദങ്ങളെ റഷ്യ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

