ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പില്‍ ട്രസ്റ്റ് മുൻ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവർക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ക്ഷേത്ര ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനാണ് നിർദ്ദേശം. ഇതിനിടെ, കേസില്‍ ചമ്പത്ത് റായിയെ എസ്‌ഐടി സംഘം ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കി. നേരത്തെ അനില്‍ മിശ്രയെയും ഗോപാല്‍ റാവുവിനെയും ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണിത്. അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
നേരത്തെ തന്നെ ട്രസ്റ്റ് പദവികളില്‍ നിന്ന് രാജിവെച്ച ചമ്പത്ത് റായിക്കും അനില്‍ മിശ്രയ്ക്കും തട്ടിപ്പിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എസ്ബിഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജർ എ. രഘുറാം സാഗറിനെയും എസ്‌ഐടി ചോദ്യം ചെയ്തു. അനില്‍ മിശ്രയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍, ബാങ്കിന്റെയും ട്രസ്റ്റിന്റെയും ഇടയിലുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നയാളാണ്. കൂടാതെ, വിഐപി ദർശനത്തിനായുള്ള പാസുകള്‍ കൈകാര്യം ചെയ്യുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു.
സംഭാവന പണം എണ്ണാൻ നിയോഗിച്ച താല്‍ക്കാലിക ജീവനക്കാരെ നല്‍കിയ സെക്യൂരിറ്റി ഏജൻസി നിലപാട് വ്യക്തമാക്കി. തങ്ങള്‍ നല്‍കിയ ജീവനക്കാർ ശുചീകരണ ജോലികള്‍ക്കായി മാത്രമുള്ളവരാണെന്നും, സംഭാവന എണ്ണാൻ ഇവരെ ചുമതലപ്പെടുത്തിയത് ബാങ്കോ ട്രസ്റ്റോ ആണെന്നും ഏജൻസി അറിയിച്ചു. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.
ക്ഷേത്രത്തില്‍ നിന്ന് പ്രതികള്‍ പണം മോഷ്ടിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്, പണം എണ്ണാൻ നിയോഗിക്കപ്പെട്ട അഞ്ച് ജീവനക്കാർ നോട്ടുകെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചു കടത്തുന്നത് വ്യക്തമായി കാണാം.

