ഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനയില്‍ വൻ തട്ടിപ്പ് നടന്നെന്ന കേസില്‍ നിർണായക വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു.
അവിനാഷ് ശുക്ലയാണ് കേസില്‍ ഒന്നാംപ്രതിയെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 40 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍, അവിനാഷ് ശുക്ലയും കൂട്ടാളികളും ചേർന്ന് 70 തവണയായി സംഭാവനപ്പണം മോഷ്ടിച്ചതായി കണ്ടെത്തി. അയോധ്യ പോലീസ് നടത്തിയ റെയ്ഡില്‍ ശുക്ലയില്‍നിന്ന് 20.39 ലക്ഷം രൂപ, 1121 ഡോളർ, സ്വർണ്ണ-വെള്ളി ആഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍, കാർ എന്നിവ പിടിച്ചെടുത്തു.
അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവർ പണം ഒളിപ്പിക്കാനും കടത്താനും ശുക്ലയെ സഹായിച്ചപ്പോള്‍, മനീഷ് കുമാർ യാദവാണ് ഇതിന് നേതൃത്വം നല്‍കിയത്. സുരക്ഷാകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടിയിരുന്ന മുൻ ട്രസ്റ്റി അനില്‍ മിശ്രയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും എസ്.ഐ.ടി റിപ്പോർട്ടില്‍ പരാമർശിക്കുന്നു. ഇതിനിടെ, അഡ്മിനിസ്‌ട്രേറ്റർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഗോപാല്‍ റാവു ക്ഷേത്രസമുച്ചയത്തിലെ താമസസ്ഥലം ഒഴിഞ്ഞു. താൻ ട്രസ്റ്റില്‍നിന്ന് പുറത്തായതല്ലെന്നും കുറച്ചുകാലത്തേക്ക് യോഗങ്ങളില്‍നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരണവുമായി രംഗത്തെത്തി. ഏതാനും വ്യക്തികള്‍ ചെയ്ത തെറ്റിന്റെ പേരില്‍ രാമക്ഷേത്ര ട്രസ്റ്റിനെ മുഴുവൻ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയെയും ശ്രീരാമന്റെ പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്താൻ കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും വിഷയം മുതലെടുക്കുകയാണെന്നും യോഗി ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും വിഷയം ആയുധമാക്കി ശക്തമായ പ്രതിഷേധത്തിലാണ്. ട്രസ്റ്റ് ചെയർമാൻ ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്നും തെറ്റായ ആളുകളെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതില്‍ മുൻപന്തിയില്‍നിന്ന മോദി, സംഭാവനക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍നിന്ന് എന്തിനാണ് ഒഴിഞ്ഞുമാറുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചു. സംഭാവന തട്ടിയെടുത്തത് ലോകമെമ്പാടുമുള്ള വിശ്വാസികളെ വേദനിപ്പിച്ചെന്നും ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ മലിനമാക്കിയെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ട്രസ്റ്റ് പിരിച്ചുവിട്ട് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

