ബെംഗളൂരു: ബെംഗളൂരുവില്‍ ഐടി കമ്പനി ക്യാമ്പസിനുള്ളില്‍ പ്രവർത്തിക്കുന്ന ഡേകെയറില്‍ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ ജീവനക്കാർ ക്രൂരമായി പീഡിപ്പിച്ചതായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഡേകെയറിലെ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ ബ്രൂക്ക്ഫീല്‍ഡ് പ്രദേശത്തുള്ള ഐടി പാർക്കിലാണ് സംഭവം. ജോലിക്ക് പോകുന്ന ഐടി ജീവനക്കാരുടെ മക്കളെ നോക്കാനേല്‍പ്പിച്ച ഡേകെയറിനുള്ളില്‍ നടന്ന ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പിലൂടെ പുറത്തുവന്നതോടെയാണ് ഈ കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്.
കുട്ടികള്‍ കരയുകയോ ശല്യം ചെയ്യുകയോ ചെയ്യുമ്പോള്‍ ജീവനക്കാർ കാട്ടിയിരുന്ന മൃഗീയമായ പീഡനമുറകള്‍ വ്യക്തമാക്കുന്നുണ്ട്. വികൃതി കാണിക്കുന്ന കുഞ്ഞുങ്ങളെ ബാത്ത്‌റൂമിലും, വസ്ത്രങ്ങള്‍ കഴുകാൻ വെച്ചിരിക്കുന്ന വാഷിങ് മെഷീനിലിട്ട് മൂടി അടച്ചും ശിക്ഷിച്ചിരുന്നു. ടോയ്‌ലറ്റില്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അവരുടെ വായിലേക്ക് ടോയ്‌ലറ്റ് ക്ലീനിങ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് ഉയർന്ന വേഗതയില്‍ വെള്ളം ചീറ്റിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 29 തിങ്കളാഴ്ചയാണ് ഡേകെയറിലെ ക്രൂരതകളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈൻ അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കേസ് എടുത്തതിനെ തുടർന്ന് അഞ്ച് ജീവനക്കാരികളെയും പോലീസ് നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. വീഡിയോയില്‍ കാണുന്ന കുട്ടികള്‍ക്ക് പുറമെ മറ്റ് കുട്ടികളും ഇവിടെ സമാനമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.

