മലയാള സിനിമയിലെ പ്രിയ താരവും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ വാഹനശേഖരത്തിലേക്ക് പുത്തൻ അതിഥിയെ വരവേറ്റു.
വോള്‍വോ എക്‌സ്‌സി 90 ഉള്‍പ്പെടെയുള്ള കരുത്തൻ വാഹനങ്ങള്‍ സ്വന്തമായുള്ള ബേസില്‍ ഇത്തവണ തിരഞ്ഞെടുത്തത് മിനിയുടെ അത്യാധുനിക ഇലക്‌ട്രിക് മോഡലായ കണ്‍ട്രിമാൻ ഇ ആണ്. കുടുംബത്തോടൊപ്പം എത്തിയാണ് താരം ഈ സവിശേഷ വാഹനം ഏറ്റുവാങ്ങിയത്.
ഇന്ത്യൻ നിരത്തുകളില്‍ കണ്‍ട്രിമാൻ ഇ മോഡലുകള്‍ ഉണ്ടെങ്കിലും ബേസില്‍ സ്വന്തമാക്കിയ വൈല്‍ഡ് ബെറി നിറത്തിലുള്ള വാഹനം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്ന പ്രത്യേകതയുണ്ട്. കേരളത്തിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഈ ലക്ഷ്വറി ഇലക്‌ട്രിക് വാഹനം താരം സ്വന്തമാക്കിയത്. ഏകദേശം 54.90 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ബിഎംഡബ്ല്യുവിന്റെ ഐഎക്സ്1 പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താല്‍ 462 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 201 ബി.എച്ച്.പി പവറും 250 എൻ.എം ടോർക്കും നല്‍കുന്ന ഇലക്‌ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്. വെറും 8.6 സെക്കൻഡില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. അകത്തളത്തില്‍ 9.5 ഇഞ്ച് വൃത്താകൃതിയിലുള്ള ഒ.എല്‍.ഇ.ഡി ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഹെഡ്‌അപ്പ് ഡിസ്‌പ്ലേയും ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങളാണ് മിനി ഒരുക്കിയിരിക്കുന്നത്.

