Saturday, 24 Mar, 6.53 am Express Kerala

പ്രധാന വാര്‍ത്തകള്‍
ഭരണ തുടര്‍ച്ചയുണ്ടായാല്‍ ചൈനീസ് മാതൃക, സോഷ്യല്‍ മീഡിയ രംഗം പൊളിച്ചെഴുതാന്‍. . ?

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന് 2019-ല്‍ ഭരണ തുടര്‍ച്ചയുണ്ടായാല്‍ ചൈനീസ് മാതൃകയില്‍ സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചന.

പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇന്റര്‍നെറ്റ്, ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെ കൊണ്ടു വരണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഐ.ടി വിഭാഗത്തില്‍ നിന്നാണ് ഉയര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങളായി ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയ്ക്ക് ഒപ്പം ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനവും ചൈനയില്‍ നിരോധിച്ചിരുന്നു.

ചൈനയിലെ സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ് സ്വകാര്യ പൊതുമേഖലകളുടെ പങ്കാളിത്തത്തിലാണ് നടക്കുന്നത്, ഭരണകൂടം നിര്‍ണ്ണയിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കറങ്ങിത്തിരിയാന്‍ മാത്രമേ ഇന്റര്‍നെറ്റ് കമ്ബനികള്‍ക്ക് സാധിക്കുകയുള്ളൂ. സര്‍ക്കാറിന്റെ താളത്തിനൊത്ത് തുള്ളിയില്ലെങ്കില്‍ രാജ്യ ദ്രോഹികളെ സഹായിക്കുന്നുവെന്ന കുറ്റമാരോപിച്ച്‌ കമ്ബനി അടച്ചിടാന്‍ കഴിയും.

സര്‍ക്കാര്‍ എജന്‍സികളും, ഉദ്യോഗസ്ഥരും നല്‍കുന്ന സൂചകപദങ്ങള്‍ സോഫ്റ്റ്‌വെയറിലേക്ക് ഫീഡ് ചെയ്തുകൊണ്ടാണ് ഭൂരിപക്ഷം ഇന്റര്‍നെറ്റ് കമ്ബനികളും ഈ സെന്‍സറിംഗ് നടത്തുന്നത്. സൂചകപദങ്ങളില്ലാത്ത പോസ്റ്റുകള്‍ സ്വീകരിക്കപ്പെടുകയും മറ്റുള്ളവ പരിശോധനക്കു വെക്കുകയോ അല്ലെങ്കില്‍ അപ്രത്യക്ഷമാവുകയോ ചെയ്യും.

സോഷ്യല്‍ മീഡിയ നിരീക്ഷിക്കാനും അന്വേഷണഫലം മേലുദ്യോഗസ്ഥരെ അറിയിക്കാനുമായ് 20 ലക്ഷത്തോളം ഇന്റര്‍നെറ്റ് ഒപീനിയന്‍ അനലിസ്റ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 2013 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള അവകാശമൊക്കെ ചൈനയില്‍ എല്ലാവര്‍ക്കുമുണ്ട്, പക്ഷെ ഒരേ ചിന്താഗതിക്കാരുമായി കൂട്ടു കൂടാനോ, ചര്‍ച്ച നടത്താനോ സാധ്യമല്ല. 'കളക്ടീവ് ആക്ഷന്‍' എന്നതുമായ് സാമ്യമുള്ള കൂട്ട പ്രകടനം, ബഹുജന സമ്മേളനം, ഓണ്‍ലൈന്‍ കാമ്ബയിന്‍ തുടങ്ങിയ വാക്കുകളടങ്ങിയ പോസ്റ്റുകള്‍ പുറംലോകം കാണില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയെന്ന നിര്‍ദ്ദേശമാണ് കമ്ബനികള്‍ നല്‍കുന്നത്.

കോണ്‍ഗ്രസ് ബന്ധമുള്ള 'കേംബ്രിജ് അനലറ്റിക്ക' ഫെയ്‌സ് ബുക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു കടുംകൈയ്ക്ക് മുതിരുന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച്‌ ഇടപാടുകാര്‍ക്ക് നല്‍കിയെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഡേറ്റാ വിശകലന കമ്ബനിയായ 'കേംബ്രിജ് അനലറ്റിക്ക'ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചിരുന്നത്.

തിരഞ്ഞെടുപ്പില്‍ ഇവര്‍ 'ഇടപെടുന്നു'വെന്ന ആരോപണം ബ്രിട്ടനിലും യു.എസ്സിലും നേരത്തെ ഉണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ 'കേംബ്രിജ് അനലറ്റിക്ക' സഹായിച്ചിരുന്നുവെന്ന് വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തിരുന്നു. 2019-ല്‍ ഇന്ത്യയിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തിന് സ്വന്തമായി 'ബദല്‍' സംവിധാനമുണ്ടാക്കിയാല്‍ ആഭ്യന്തര സുരക്ഷക്ക് ഇത്തരമൊരു നടപടി ഏറെ ഗുണം ചെയ്യുമെന്നാണ് വാദം.

ഇപ്പോഴേ പരിഷ്‌ക്കാരത്തെ കുറിച്ച്‌ പറഞ്ഞ് സോഷ്യല്‍ മീഡിയയെ എതിരാക്കുന്നത് തിരിച്ചടിയാവുമെന്ന് കണ്ട് അതീവ രഹസ്യമായാണ് ഇതുസംബന്ധമായ ഉന്നതതല ചര്‍ച്ചകള്‍ പോലും നടന്നതെന്നാണ് സൂചന.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്റെ പിന്നാലെയാണ് പുതിയ ആലോചനയെന്നതും പ്രസക്തമാണ്.

കേന്ദ്രത്തിന്റെ വിലയിരുത്തലില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിവരങ്ങള്‍ അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. മുഖ്യധാരാ പത്രങ്ങളുടെയും ചാനലുകളുടെയും പോലും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കാണ് കൂടുതല്‍ പ്രേക്ഷകര്‍ എന്നതും കേന്ദ്രം വിലയിരുത്തുന്നു.

അത് കൊണ്ടു തന്നെ, ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗവും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്.

അതേസമയം കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ജനാധിപത്യ രീതിയിലുള്ള എതിര്‍ സ്വരങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നതിനാല്‍ അതേ പാത ഇന്ത്യയും പിന്തുടര്‍ന്നാല്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ ഐ.ടി വിദഗ്ദര്‍ക്കിടയില്‍ തന്നെ ആശങ്കയുണ്ടത്രെ.

ഏകാധിപത്യത്തിലേക്കുള്ള സൂചനയായി ഇത്തരമൊരു പരിഷ്‌ക്കാരം വിലയിരുത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണവര്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ ഇതും ഇതിലപ്പറുവും സംഭവിക്കാനുള്ള സാധ്യത ഭരണപക്ഷം തള്ളിക്കളയുന്നില്ല. പ്രതിപക്ഷത്തിന് ' സ്വാധീനിക്കാന്‍' പറ്റുന്ന ഒരു സംവിധാനം രാജ്യത്ത് വേണ്ട എന്ന നിലപാടാണ് ആര്‍.എസ്.എസിനുമുള്ളത്.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Express Kerala
Top