രണ്ടാം എല്‍ഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കിയതും പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്കായി 2682 വീടുകളും 738 ഫ്ലാറ്റുകളും നിർമ്മിച്ചു നല്‍കിയതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 4,56,689 പട്ടയങ്ങള്‍ വിതരണം ചെയ്തതും അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലൂടെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയതും ഈ കാലയളവിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
ക്ഷേമപദ്ധതികളുടെ വിപുലീകരണവും റിപ്പോർട്ടിലെ പ്രധാന ആകർഷണമാണ്. സാമൂഹിക സുരക്ഷാ പെൻഷൻ 2,000 രൂപയായി ഉയർത്തിയതും മറ്റ് വരുമാനമില്ലാത്ത 35-നും 60-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി പ്രതിമാസം 1,000 രൂപ നല്‍കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയതും സർക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്ക് ഉദാഹരണമാണ്. ഇതിന് പുറമെ, വിദ്യാർത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

