മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി 'ദൃശ്യം 3' മാറുന്നു. ജീത്തു ജോസഫ് - മോഹൻലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഈ ചിത്രം വെറും ഏഴു ദിവസം കൊണ്ട് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചു.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഈ ചിത്രം മാറിക്കഴിഞ്ഞു. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 200 കോടി നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാല്‍ ചിത്രമാണിത്.
റിലീസ് ചെയ്ത് വെറും ഏഴു ദിവസത്തിനുള്ളിലാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോകമെമ്പാടുമായി 3000 സ്ക്രീനുകളിലും കേരളത്തില്‍ 465 സ്ക്രീനുകളിലുമാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനില്‍, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ പഴയ മികവോടെ തന്നെ ചിത്രത്തില്‍ അണിനിരന്നു. “മൂന്ന് സിനിമകള്‍, മൂന്ന് അധ്യായങ്ങള്‍, അഭേദ്യമായ ബന്ധം ജോർജുകുട്ടിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നതിന് നന്ദി” എന്നാണ് 200 കോടി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാല്‍ കുറിച്ചത്. 2013-ല്‍ തുടങ്ങിയ ഈ ക്രൈം ത്രില്ലർ യാത്ര 2021-ലെ രണ്ടാം ഭാഗത്തിനും ഒടിടി റിലീസിനും ശേഷം മൂന്നാം ഭാഗത്തിലൂടെ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയാണ്.

