Dailyhunt
ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നു വീണു; പൈലറ്റടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നു വീണു; പൈലറ്റടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

Express Kerala 1 week ago

ബ്രസീലിയയിലെ റിയോ ഗ്രാൻഡെ ഡോ സുള്‍ സംസ്ഥാനത്ത് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ചെറുവിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകർന്നു വീണ് പൈലറ്റും മൂന്ന് യാത്രക്കാരുമടക്കം നാല് പേർ മരിച്ചു.

കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം നിയന്ത്രണം വിട്ട് ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് പതിക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം നടന്നത്.

വിമാനം തകർന്നുവീണതിന് തൊട്ടുപിന്നാലെ റസ്റ്ററന്റില്‍ വൻ തീപിടിത്തമുണ്ടാവുകയും കറുത്ത പുക ഉയരുകയും ചെയ്തു. എന്നാല്‍ അപകടസമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ ജീവനക്കാർക്കോ പൊതുജനങ്ങള്‍ക്കോ പരിക്കേല്‍ക്കാതെ വലിയൊരു ദുരന്തം ഒഴിവായി. വിമാനം താഴേക്ക് പതിക്കുന്നതിനിടെ രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെയും വിമാനം തകരുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് പ്രദേശത്തെ കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിവില്‍ ഡിഫൻസ് സംഘം പരിസരവാസികളെ ഉടൻ തന്നെ ഒഴിപ്പിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala