അർജുൻ അശോകൻ, ബാലു വർഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മെല്‍കൗ പോണ്ടിച്ചേരി' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തിറങ്ങി.
പ്രിയ താരങ്ങളായ ദിലീപും സലിം കുമാറും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. നിഖില്‍ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ്‍ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നല്‍കുന്നത്.
അരുണ്‍ ഗോപി എക്സൈമെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർറ്റെയിൻമെന്റ്സിന്റെ ബാനറില്‍ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൂപ് തൈക്കുടം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് നായിക. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥാകൃത്ത് സനൂപ് തൈക്കുടവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ചിത്രത്തിന്റെ ടൈറ്റില്‍ വെളിപ്പെടുത്തുന്നതിന് മുൻപായി താരങ്ങള്‍ അണിനിരന്ന രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർക്ക് ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു എൻ്റർറ്റെയിനറായിരിക്കും “മെല്‍കൗ പോണ്ടിച്ചേരി” എന്ന് അണിയറപ്രവർത്തകർ ഉറപ്പുനല്‍കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

