ബാങ്ക് അക്കൗണ്ടുകള്‍ നിലനിർത്തുന്നതിനും ഡെബിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതുമേഖലാ ബാങ്കുകള്‍ ഡെബിറ്റ് കാർഡ് മെയിന്റനൻസ് ചാർജുകളില്‍ 90 ശതമാനത്തോളം വർധന വരുത്തിയപ്പോള്‍ മിനിമം ബാലൻസ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴത്തുകയിലും ശരാശരി 27 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. ഈ രംഗത്ത് സ്വകാര്യ ബാങ്കുകളാണ് മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകള്‍ 2021-22 സാമ്പത്തിക വർഷത്തില്‍ ഡെബിറ്റ് കാർഡ് സേവന നിരക്കായി 3,905.5 കോടി രൂപ ഈടാക്കിയ സ്ഥാനത്ത്, 2025-26 ആയപ്പോഴേക്കും അത് 93.7 ശതമാനം വർധിച്ച് 7,563.8 കോടി രൂപയായി ഉയർന്നു. ഒരു കാർഡിന്മേല്‍ ഈടാക്കുന്ന ശരാശരി തുകയും 2021-22-ലെ 61 രൂപയില്‍ നിന്ന് 2025-26-ല്‍ 115.1 രൂപയായി വർധിച്ചിട്ടുണ്ട്.
അക്കൗണ്ടുകളില്‍ കുറഞ്ഞ ശരാശരി ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകള്‍ ഈടാക്കുന്ന പിഴയിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2022-23 മുതല്‍ 2025-26 വരെയുള്ള നാല് വർഷത്തിനിടയില്‍ 27 ശതമാനമാണ് ഈ ഇനത്തിലെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പൊതു-സ്വകാര്യ ബാങ്കുകള്‍ ചേർന്ന് 7,086.6 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ജൻധൻ അക്കൗണ്ടുകള്‍ ഒഴികെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഒരു അക്കൗണ്ടിന് ശരാശരി 31 രൂപയായിരുന്ന പിഴ പിന്നീട് 38 രൂപയായി ഉയർന്നു. സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്ന ശരാശരി പിഴയില്‍ 45 ശതമാനത്തിന്റെ വർധനവുണ്ടായപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കുന്ന ശരാശരി പിഴ 14 ശതമാനം കുറയുകയാണ് ചെയ്തത്.
ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളെയും പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരമുള്ള അക്കൗണ്ടുകളെയും കുറഞ്ഞ ബാലൻസ് പിഴയില്‍നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. 12 പൊതുമേഖലാ ബാങ്കുകളില്‍ 10 എണ്ണവും സേവിംഗ്‌സ് അക്കൗണ്ടുകളില്‍ കുറഞ്ഞ ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴ പൂർണ്ണമായി നിർത്തിവെച്ചപ്പോള്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് വാണിജ്യ താത്പര്യം മുൻനിർത്തി നിരക്കുകള്‍ പരിഷ്കരിച്ചത്. അക്കൗണ്ടുകളില്‍ ബാലൻസ് കുറവാണെങ്കില്‍ എസ്.എം.എസ്., ഇമെയില്‍ അല്ലെങ്കില്‍ കത്തുകള്‍ വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്നും, പിഴ ഈടാക്കുന്നതിന് മുൻപായി അക്കൗണ്ടിലെ ബാലൻസ് ശരിയാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സമയം നല്‍കണമെന്നും ആർ.ബി.ഐ.യും സർക്കാരും കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

