ലോക ഭൂപടത്തിന്റെ ഒരു കോണില്‍, ശാന്തതയുടെയും നിശബ്ദതയുടെയും പ്രതീകമായി നില്‍ക്കുന്ന ഒരു കൊച്ചു സുല്‍ത്താനേറ്റുണ്ട് ഒമാൻ.
എന്നാല്‍, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമൊഴുകുന്ന ഹോർമുസ് കടലിടുക്കിലേക്ക് കണ്ണെത്തിച്ചാല്‍ ഒമാൻ വെറുമൊരു രാജ്യമല്ല ലോകത്തിലെ വൻശക്തികളെപ്പോലും വിറപ്പിക്കുന്ന തന്ത്രപ്രധാനമായ ഒരു വൻമതിലാണത്. തന്റെ രണ്ടാം ഔദ്യോഗിക കാലാവധി തുടങ്ങി വെറും പതിനാറ് മാസങ്ങള്‍ക്കുള്ളില്‍, ലോകജനസംഖ്യയിലെ പതിനൊന്നില്‍ ഒരാളെ വീതം ഉപരോധങ്ങളുടെയും യുദ്ധഭീതിയുടെയും നിഴലിലാക്കിയ ഒരൊറ്റ പേരേയുള്ളൂ ഡോണള്‍ഡ് ട്രംപ്. കാനഡയും ക്യൂബയും മുതല്‍ വെനസ്വേലയും പനാമ കനാലും വരെ തന്റെ കാല്‍ക്കീഴിലാക്കാൻ ആഗ്രഹിക്കുന്ന അമേരിക്കയുടെ യുദ്ധക്കൊതി, ഇപ്പോള്‍ ഒമാന്റെ പരമാധികാരത്തിന് നേരെ വിരല്‍ചൂണ്ടിയിരിക്കുകയാണ്. “അവർ എല്ലാവരെയും പോലെ പെരുമാറണം, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവരെ ബോംബെറിഞ്ഞ് തകർക്കേണ്ടിവരും” ഇത് ട്രംപിന്റെ വെറുമൊരു ഭീഷണിയല്ല. തങ്ങളുടെ ആധിപത്യത്തിന് വഴങ്ങാത്ത ഏതൊരു രാജ്യത്തെയും ആയുധബലം കൊണ്ട് അടിച്ചമർത്തുമെന്ന അമേരിക്കയുടെ അഹങ്കാരത്തിന്റെ പരസ്യപ്രഖ്യാപനമാണ്.
പുറമെ നിന്ന് നോക്കുമ്പോള്‍ 39 കിലോമീറ്റർ വീതിയുള്ളതാണ് ഹോർമുസ് കടലിടുക്ക് എന്ന് തോന്നാമെങ്കിലും, വലിയ വാണിജ്യ കപ്പലുകള്‍ക്കും സൂപ്പർ ടാങ്കറുകള്‍ക്കും സഞ്ചരിക്കാൻ യോഗ്യമായ ആഴക്കടല്‍ ചാനലുകള്‍ വളരെ പരിമിതമാണ്. ഇവിടെയാണ് ഭൂമിശാസ്ത്രം ഒമാന് നല്‍കിയിരിക്കുന്ന തന്ത്രപ്രധാനമായ മേല്‍ക്കൈ അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. കടലിടുക്കിന്റെ വടക്കൻ ഭാഗം, അതായത് ഇറാന്റെ തീരത്തോട് ചേർന്നുള്ള പ്രദേശങ്ങള്‍ ആഴം കുറഞ്ഞതും, പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. കൂടാതെ ഖേഷ്ം, ലാരാക്, ഹോർമുസ് തുടങ്ങിയ ദ്വീപുകളെ കേന്ദ്രീകരിച്ച് ഇറാന്റെ ശക്തമായ സൈനിക പ്രതിരോധ സംവിധാനങ്ങളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ആഗോള കപ്പല്‍ ഗതാഗതത്തിനായി അന്താരാഷ്ട്ര സമൂഹം നിശ്ചയിച്ചിട്ടുള്ള ട്രാഫിക് സെപ്പറേഷൻ സ്കീം പ്രകാരമുള്ള ഏറ്റവും സുരക്ഷിതവും ആഴമേറിയതുമായ കപ്പല്‍ ചാലുകള്‍ പൂർണ്ണമായും സ്ഥിതി ചെയ്യുന്നത് ഒമാന്റെ പരമാധികാരത്തിലുള്ള മുസന്ദം ഉപദ്വീപിനോട് ചേർന്നുള്ള പ്രാദേശിക ജലാശത്തിലാണ്.
വെറും രണ്ട് മൈല്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാതയിലൂടെയാണ് ഏഷ്യയിലെ വൻശക്തികളായ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഊർജ്ജ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനം മുഴുവൻ കടന്നുപോകുന്നത്. ഇറാൻ തന്റെ പക്കലുള്ള ആധുനിക മിസൈലുകളും ഡ്രോണുകളും വേഗമേറിയ യുദ്ധക്കപ്പലുകളും ഉപയോഗിച്ച് കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താൻ സൈനികമായി പ്രാപ്തമാണെങ്കില്‍, മറുവശത്ത് ഒമാൻ തന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കാൻ ശേഷിയുള്ള മറഞ്ഞിരിക്കുന്ന ശക്തിയായി മാറുന്നു. ചുരുക്കത്തില്‍, ഒമാന്റെ പൂർണ്ണമായ സഹകരണവും സുരക്ഷാ മേല്‍നോട്ടവുമില്ലാതെ ഈ വഴിയിലൂടെയുള്ള ആഗോള വാണിജ്യം പൂർണ്ണമായും അസാധ്യമാണ്. 2026 ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണം ‘ഓപ്പറേഷൻ എപ്പിക് ഫ്യൂരി’ മേഖലയെ വലിയൊരു യുദ്ധക്കളമാക്കി മാറ്റി. പശ്ചിമേഷ്യയില്‍ തങ്ങളുടെ അധിനിവേശം ഉറപ്പിക്കാൻ അമേരിക്ക നടത്തിയ ഈ ക്രൂരമായ നീക്കത്തിന് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമുസ് കടലിടുക്കില്‍ ശക്തമായ ഉപരോധം ഏർപ്പെടുത്തി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധികളിലൊന്നിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 1,550-ലധികം വാണിജ്യ കപ്പലുകള്‍ കടലിടുക്കിന്റെ ഇരുവശത്തുമായി കുടുങ്ങിക്കിടന്നു. അന്താരാഷ്ട്ര കപ്പല്‍ ഇൻഷുറൻസ് പ്രീമിയങ്ങള്‍ മുൻപത്തെക്കാള്‍ ആറിരട്ടിയോളം വർദ്ധിച്ചു. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും, വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ഇളകുകയും ചെയ്തു.
തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി മാത്രം അമേരിക്ക ഒരു ജനതയ്ക്ക് മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുമ്പോള്‍, അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ഇന്ധനത്തിനായി ഈ കടലിടുക്കിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് സാധാരണ മനുഷ്യരാണ്. ഈ കലുഷിതമായ അന്തരീക്ഷത്തിലാണ് ഒമാൻ എന്ന രാജ്യം തങ്ങളുടെ നയതന്ത്ര മികവോടെ ഇരുകൂട്ടർക്കും ഇടയില്‍ ഒരു സമാധാന പാലമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. ഈ പ്രതിസന്ധിക്ക് പിന്നാലെ, കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാൻ മെയ് 5-ന് ‘പേർഷ്യൻ ഗള്‍ഫ് സ്ട്രെയിറ്റ് അതോറിറ്റി’ രൂപീകരിച്ചു. ഈ പുതിയ സംവിധാനമനുസരിച്ച് കടന്നുപോകുന്ന ഓരോ കപ്പലും മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും, ഒരു ബാരല്‍ എണ്ണയ്ക്ക് ഒരു ഡോളർ എന്ന തോതില്‍ ഗതാഗത ഫീസ് അഥവാ ‘ടോള്‍’ ഇറാനിയൻ കറൻസിയായ റിയാലില്‍ നല്‍കണമെന്നും നിർദ്ദേശിക്കപ്പെട്ടു.
തങ്ങളുടെ സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ ഇറാൻ നടത്തുന്ന ഈ നീക്കത്തെ നേരിടാൻ അമേരിക്ക വീണ്ടും ഭീഷണിയുമായി രംഗത്തെത്തി. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ മറ്റൊരു അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്ന അമേരിക്ക, ഇതിന്റെ പേരില്‍ ഒമാനെ ഭയപ്പെടുത്താനാണ് നോക്കുന്നത്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പരസ്യമായി പ്രഖ്യാപിച്ചു. “ഹോർമുസ് കടലിടുക്കില്‍ ടോള്‍ സംവിധാനം ഏർപ്പെടുത്താനുള്ള ഒരു നീക്കവും യുഎസ് സർക്കാർ സഹിക്കില്ല. ഇതിന് നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന ഒമാൻ ഉള്‍പ്പെടെയുള്ള ഏത് ശക്തിയെയും അമേരിക്കൻ ട്രഷറി ലക്ഷ്യമിടും, അവരെ ശിക്ഷിക്കും.” തങ്ങളുടെ ഡോളർ ആധിപത്യവും ഉപരോധ രാഷ്ട്രീയവും തകരുമെന്ന ഭീതിയിലാണ് അമേരിക്ക ഒമാനെപ്പോലെയുള്ള ഒരു പരമാധികാര രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നത്.
ഈ തർക്കത്തില്‍ അന്താരാഷ്ട്ര നിയമങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്ന അമേരിക്കൻ ഇരട്ടത്താപ്പ് വ്യക്തമാണ്. 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെൻഷൻ പ്രകാരം ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണ്, അതിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ട്. ഒമാൻ ഈ കരാറില്‍ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ അവർ ഈ നിയമങ്ങളെ മാനിക്കുന്നു.
എന്നാല്‍ ഇറാൻ ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാല്‍ കപ്പലുകള്‍ തടയാൻ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ടെഹ്‌റാന്റെ നിലപാട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കിയത് പോലെ, “ഈ കടലിടുക്ക് ഇറാനിന്റെയും ഒമാന്റെയും പ്രാദേശിക ജലാർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്, ഇതിനിടയില്‍ അന്താരാഷ്ട്ര ജലാതിർത്തി എന്നൊന്നില്ല.”
കപ്പല്‍ ഗതാഗതം പഴയതുപോലെയാക്കാൻ ഒമാനും ഇറാനും സംയുക്തമായി ട്രാഫിക് മാനേജ്മെന്റ് നടത്താൻ ചർച്ചകള്‍ നടത്തുന്നു എന്ന വാർത്തകള്‍ വന്നതോടെയാണ് അമേരിക്ക നിയന്ത്രണം വിട്ട് ഒമാനെതിരെ തിരിഞ്ഞത്. ലോകത്തെവിടെയും തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന അമേരിക്ക, തങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ ആയുധം എടുത്ത് ഭീഷണിപ്പെടുത്തുന്നതാണ് ഇവിടെയും കാണാൻ സാധിക്കുന്നത്.
അമേരിക്കയുടെ സൈനിക ഭീഷണികള്‍ക്കും കടുത്ത സമ്മർദ്ദങ്ങള്‍ക്കും മുന്നില്‍ ഒമാൻ പെട്ടെന്ന് വഴങ്ങിക്കൊടുക്കാത്തതിന് കാരണം അവരുടെ പതിറ്റാണ്ടുകളായുള്ള സ്വതന്ത്ര വിദേശനയമാണ്. പ്രാദേശിക തർക്കങ്ങളില്‍ കക്ഷിചേരാതെ, എല്ലാവരുമായും സൗഹൃദം പുലർത്തുന്ന ‘കിഴക്കിന്റെ സ്വിറ്റ്സർലൻഡ്’ എന്നാണ് ഒമാൻ അറിയപ്പെടുന്നത്. അമേരിക്കയും ഇറാനും ഒരേപോലെ വിശ്വസിക്കുന്ന ലോകത്തിലെ ചുരുക്കം ചില മധ്യസ്ഥരില്‍ ഒരാളാണ് ഒമാൻ സുല്‍ത്താനേറ്റ്.
ഈ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, ഫെബ്രുവരി 27-ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അല്‍ബുസൈദി അമേരിക്കയില്‍ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി അതീവ രഹസ്യവും നിർണ്ണായകവുമായ ചർച്ചകള്‍ നടത്തിയിരുന്നു. ഇറാനുമായുള്ള ആണവ ചർച്ചകളില്‍ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സമാധാന ചർച്ചകള്‍ പൂർണ്ണതയിലെത്തുന്നതിന് തൊട്ടുമുമ്പ്, മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്ക ഏകപക്ഷീയമായി സൈനിക നടപടി പ്രഖ്യാപിച്ച് സമാധാനത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയായിരുന്നു.
ഇറാൻ ഒരു ഭീഷണിയാണെന്ന അമേരിക്കയുടെ പതിവ് പല്ലവി അമേരിക്കൻ മണ്ണില്‍ വെച്ചുതന്നെ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അല്‍ബുസൈദി പരസ്യമായി തള്ളിക്കളഞ്ഞു. പശ്ചിമേഷ്യയെ ഇന്നത്തെ ഈ കലുഷിതാവസ്ഥയില്‍ എത്തിച്ചത് അമേരിക്കയുടെ അടങ്ങാത്ത യുദ്ധക്കൊതിയാണെന്ന് തുറന്നടിക്കാൻ മസ്‌കറ്റിന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ബാഹ്യ സമ്മർദ്ദങ്ങളുടെ കോലാഹലങ്ങള്‍ക്കൊന്നും വഴങ്ങാതെ, ലോകത്തെ രണ്ട് ബദ്ധവൈരികള്‍ക്കിടയിലും ഇന്നും വിശ്വസ്തതയോടെ സന്ദേശങ്ങള്‍ കൈമാറാൻ കഴിയുന്ന ഒരേയൊരു നയതന്ത്ര ചാനല്‍ ഒമാൻ മാത്രമാണെന്ന് ഈ പ്രതിസന്ധി ഘട്ടത്തിലും അവർ തെളിയിക്കുന്നു. ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കൻ ഭരണകൂടം ഭീഷണിപ്പെടുത്തുന്നത് പോലെ ഒമാനെ അത്ര പെട്ടെന്ന് ‘ബോംബെറിഞ്ഞ് തകർക്കാൻ’ അമേരിക്കയ്ക്ക് കഴിയില്ല. കാരണം, ഒമാനെതിരെയുള്ള ഏതൊരു സൈനിക നീക്കവും ഹോർമുസ് കടലിടുക്കിനെ പൂർണ്ണമായും നിശ്ചലമാക്കും. അത് അമേരിക്കയുടെ സഖ്യകക്ഷികളായ ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായി തകർത്തുതരിപ്പണമാക്കും.
അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ പരസ്യമായി പ്രതികരിക്കാതെ, എന്നാല്‍ തങ്ങളുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉപയോഗിച്ച് ഇറാനും അമേരിക്കയ്ക്കും ഇടയില്‍ തുല്യമായ അകലം പാലിച്ച് ഒമാൻ നടത്തുന്ന ഈ നയതന്ത്ര യുദ്ധം ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒന്നാണ്. തോക്കുകളുടെ ഗർജ്ജനം കൊണ്ടോ മിസൈലുകളുടെ പ്രഹരശേഷി കൊണ്ടോ മാത്രമല്ല, അതിസൂക്ഷ്മമായ നയതന്ത്രവും തന്ത്രപരമായ ഭൂമിശാസ്ത്രവും കൊണ്ട് ലോക വൻശക്തികളുടെ നീക്കങ്ങളെപ്പോലും നിയന്ത്രിക്കാമെന്ന് ഒമാൻ ഇന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയാണ്. സാമ്രാജ്യത്വ ശക്തികളുടെ കണ്ണ് വെട്ടിച്ചും അവരുടെ അഹങ്കാരത്തിന് മുന്നില്‍ തലകുനിക്കാതെയും, ആഗോള സാമ്പത്തിക-ഊർജ്ജ പാതയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ കാവല്‍ക്കാരനായി ഒമാൻ ഇന്നും തലയുയർത്തി നില്‍ക്കുന്നു. സമാധാനത്തിന്റെ പക്ഷം ചേർന്നുകൊണ്ട് തന്നെ തങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്ന ഒമാൻ, ഒച്ചപ്പാടുകളില്ലാതെ ലോക ഭൗമരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിർണ്ണയിക്കുന്ന യഥാർത്ഥ നിശബ്ദ ശക്തി തന്നെയാണ് എന്ന് അടിവരയിട്ടുറപ്പിച്ചുകൊണ്ടാണ് ചരിത്രത്തില്‍ ഈ രാജ്യം മുന്നേറുന്നത്.
വീഡിയോ കാണാം….

