എച്ച്‌ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ റെഗാലിയ ഗോള്‍ഡ്, ഡൈനേഴ്‌സ് പ്രിവിലേജ് ക്രെഡിറ്റ് കാർഡുകളുടെ ആനുകൂല്യങ്ങളിലും റിവാർഡ് ഘടനയിലും വലിയ പരിഷ്കാരങ്ങള്‍ വരുത്തുന്നു.
മെയ് 15 മുതല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ പ്രകാരം കാർഡുകളുടെ അടിസ്ഥാന റിവാർഡ് പോയിന്റ് നിരക്ക് കുറയും. റെഗാലിയ ഗോള്‍ഡ് കാർഡില്‍ മുമ്പ് ഓരോ 150 രൂപ ചെലവാക്കുമ്പോഴും 4 പോയിന്റുകള്‍ ലഭിച്ചിരുന്നത് ഇനി മുതല്‍ ഓരോ 200 രൂപയ്ക്കും 5 പോയിന്റുകള്‍ എന്ന രീതിയിലാകും. കൂടാതെ, കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയത് ലഭിക്കാൻ 199 രൂപ ഫീസും നല്‍കണം.
എയർപോർട്ട് ലോഞ്ച് ആക്‌സസ് ഇനി മുതല്‍ ഉപഭോക്താക്കളുടെ ചെലവുമായി ബന്ധിപ്പിച്ചിരിക്കും എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ജൂലൈ 1 മുതല്‍ സൗജന്യ ലോഞ്ച് സൗകര്യം ലഭിക്കണമെങ്കില്‍ ഒരു പാദത്തില്‍ കുറഞ്ഞത് 60,000 രൂപയെങ്കിലും കാർഡ് ഉപയോഗിച്ച് ചെലവാക്കിയിരിക്കണം. റെഗാലിയ ഗോള്‍ഡ്, ഡൈനേഴ്‌സ് പ്രിവിലേജ് കാർഡ് ഉടമകള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും. എങ്കിലും, അന്താരാഷ്ട്ര ലോഞ്ച് സന്ദർശനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
പരിഷ്കാരങ്ങള്‍ക്കൊപ്പം റെഗാലിയ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ‘ട്രാവല്‍ എഡ്ജ്’ എന്ന പുതിയ പ്രോഗ്രാമും ബാങ്ക് അവതരിപ്പിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം വിമാനത്താവളത്തിലേക്കുള്ള ഊബർ യാത്രകള്‍, സ്പാ സെഷനുകള്‍, ഹോട്ടല്‍ ബഫെകള്‍ തുടങ്ങിയവയ്ക്ക് വൗച്ചറുകള്‍ ലഭിക്കും. ഇതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ബോർഡിംഗ് പാസ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കാർഡുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നവർക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇത് ഇടയ്ക്കിടെ മാത്രം കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങള്‍ കുറയാൻ കാരണമായേക്കാം.

