ഇന്ത്യൻ പ്രീമിയം സ്കൂട്ടർ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഏറോക്സ് 155-ന് പിന്നാലെ പുതിയ മാക്സി സ്കൂട്ടർ അവതരിപ്പിക്കാൻ യമഹ ഒരുങ്ങുന്നതായി സൂചന.
യമഹയുടെ ജനപ്രിയ മോഡലായ എൻമാക്സ് 155 ടെക് മാക്സിന്റെ ഡിസൈൻ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തതോടെയാണ് വാഹനപ്രേമികള്‍ക്കിടയില്‍ ചർച്ചകള്‍ സജീവമായത്. ലോഞ്ച് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഭാവിയില്‍ ഇന്ത്യൻ വിപണിയിലേക്ക് ഈ വാഹനം എത്തിക്കാനുള്ള ശക്തമായ സാധ്യതകളാണ് യമഹ തുറന്നിടുന്നത്.
നിലവിലുള്ള ഏറോക്സ് ഒരു സ്പോർട്ടി സ്കൂട്ടറാണെങ്കില്‍, എൻമാക്സ് 155 കൂടുതല്‍ കംഫർട്ടും ദീർഘദൂര യാത്രകളും ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ഫ്രണ്ട് അപ്രണ്‍, ഉയർന്ന വിൻഡ്‌സ്‌ക്രീൻ, വിശാലമായ സ്റ്റെപ്പ്-അപ്പ് സീറ്റ്. മികച്ച യാത്രാസുഖം നല്‍കുന്ന വലിയ ഫ്ലോർബോർഡ്, ഇന്റഗ്രേറ്റഡ് ഗ്രാബ് റെയിലുകള്‍. പ്രീമിയം പെയിന്റ് സ്കീം, പ്രത്യേക ഗ്രാഫിക്സ്, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോടുകൂടിയ സീറ്റ്. എൻമാക്സിന്റെ ഏറ്റവും വലിയ സവിശേഷത യമഹയുടെ പുതിയ YECVT (Yamaha Electric Continuously Variable Transmission) സംവിധാനമാണ്. ഇതിലൂടെ ടൗണ്‍, സ്പോർട്ട് എന്നീ മോഡുകളില്‍ ത്രോട്ടില്‍ റെസ്പോണ്‍സ് മാറ്റാൻ റൈഡർക്ക് സാധിക്കും. ഓവർടേക്കിംഗിനും കയറ്റങ്ങള്‍ കയറുന്നതിനുമായി മാനുവല്‍ ഗിയർബോക്സിന് സമാനമായ ഡൗണ്‍ഷിഫ്റ്റ് ഫംഗ്ഷനും ഇതിലുണ്ട്. ഏറോക്സിന് സമാനമായ 155 സിസി ലിക്വിഡ്-കൂള്‍ഡ്, ബ്ലൂ കോർ സിംഗിള്‍ സിലിണ്ടർ വിവിഎ എഞ്ചിനാണ് ഇതിലുള്ളത്. ഇത് 15 PS കരുത്തും 14 Nm ടോർക്കും ഉല്‍പ്പാദിപ്പിക്കും.
പ്രീമിയം ബൈക്കുകളെപ്പോലും വെല്ലുന്ന ഫീച്ചറുകളുമായാണ് എൻമാക്സ് 155 എത്തുന്നത്. 4.2 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലേ & സ്മാർട്ട്ഫോണ്‍ കണക്ടിവിറ്റി. ഗാർമിൻ നാവിഗേഷൻ & മൈറൈഡ് ആപ്പ് സപ്പോർട്ട്. സ്മാർട്ട് കീ സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്. സുരക്ഷയ്ക്കായി ട്രാക്ഷൻ കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്. മുന്നിലും പിന്നിലും 230 എംഎം ഡിസ്ക് ബ്രേക്കുകള്‍, 13 ഇഞ്ച് അലോയ് വീലുകള്‍. ഫുള്‍-ഫേസ് ഹെല്‍മറ്റ് വെക്കാൻ ശേഷിയുള്ള വലിയ അണ്ടർസീറ്റ് സ്റ്റോറേജ്. പേറ്റന്റ് നേടിയതുകൊണ്ട് മാത്രം വാഹനം ഉടൻ വിപണിയിലെത്തുമെന്ന് ഉറപ്പിക്കാനാവില്ല. 2026 അവസാനത്തോടെ വാഹനം എത്തുമെന്ന റിപ്പോർട്ടുകള്‍ നിലവില്‍ അഭ്യൂഹങ്ങള്‍ മാത്രമാണ്. എങ്കിലും ഏറോക്സിന് ഇന്ത്യൻ വിപണിയില്‍ ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്ത് യമഹ എൻമാക്സിനെ രാജ്യത്ത് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

