Dailyhunt
ഗതാഗത നിയമലംഘനം! ദുബായില്‍ 1230 വാഹനങ്ങള്‍ പിടിച്ചെടുത്തു; 33,000-ത്തിലധികം കേസുകള്‍

ഗതാഗത നിയമലംഘനം! ദുബായില്‍ 1230 വാഹനങ്ങള്‍ പിടിച്ചെടുത്തു; 33,000-ത്തിലധികം കേസുകള്‍

Express Kerala 2 weeks ago

ദുബായ്: എമിറേറ്റില്‍ അമിതശബ്ദവും അശ്രദ്ധമായ ഡ്രൈവിങ്ങും ഉള്‍പ്പെടെയുള്ള വിവിധ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ 1,230 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തു.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 33,372 ഗതാഗത പിഴകളാണ് അധികൃതർ ചുമത്തിയത്. വാഹനങ്ങള്‍ അനധികൃതമായി പരിഷ്കരിച്ചതുമായി ബന്ധപ്പെട്ട് മാത്രം 1178 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനവാസ മേഖലകളില്‍ ശാന്തത ഉറപ്പാക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'ക്വയറ്റ് റോഡ്‌സ്' എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് കർശന നടപടികള്‍ സ്വീകരിച്ചത്. അമിത ശബ്ദമുണ്ടാക്കിയതിന് 412 കേസുകളും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചതിന് 341 കേസുകളും ഹോണ്‍ ദുരുപയോഗം ചെയ്തതിന് 230 കേസുകളും രജിസ്റ്റർ ചെയ്തു. മോട്ടോർ സൈക്കിളുകളുമായി ബന്ധപ്പെട്ട 17,117 നിയമലംഘനങ്ങളും ഇലക്‌ട്രിക് ബൈക്ക്, സൈക്കിള്‍ എന്നിവ ഉള്‍പ്പെട്ട 14,094 കേസുകളും ഇക്കാലയളവില്‍ പിടികൂടി.

പൊതുജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഡ്രൈവിങ് രീതികള്‍ തടയുന്നതിനും താമസപ്രദേശങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് ഈ സംരംഭമെന്ന് ട്രാഫിക് ജനറല്‍ ഡിപ്പാർട്ട്മെന്റ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി. അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും നിരുത്തരവാദപരമായ ഡ്രൈവിങ്ങും താമസക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala