കളിക്കളത്തിലെ ഇതിഹാസമെന്നതിലുപരി ഇന്നത്തെ തലമുറയ്ക്ക് മൊബൈല്‍ ഗെയിമുകളിലൂടെ ഏറെ പരിചിതനാണ് ഫ്രാങ്കോ ബരേസി.
1982-ലെ ലോകകപ്പ് ചാമ്പ്യനായ ബരേസിയെക്കുറിച്ചോ ഇറ്റലിക്കും എ.സി. മിലാനും വേണ്ടി അദ്ദേഹം നടത്തിയ പ്രകടനങ്ങളെക്കുറിച്ചോ ഇന്നത്തെ കുട്ടികള്‍ക്ക് അറിയണമെന്നില്ലെങ്കിലും, ജനപ്രിയ മൊബൈല്‍ ഗെയിമായ ‘ഇ-ഫുട്ബോളില്‍’ പലരും എതിരാളികളുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഈ താരത്തെയാണ് ഉപയോഗിക്കുന്നത്. ഫ്രാൻസ് ബെക്കൻബോവർ, ബോബി മൂർ എന്നിവർക്കൊപ്പം ഫുട്ബോള്‍ ചരിത്രത്തിലെ എലൈറ്റ് പ്രതിരോധനിരക്കാരുടെ പട്ടികയിലാണ് ബരേസിയുടെ സ്ഥാനം.
അസൂറികളുടെ പടയാളി
ഇറ്റലിയുടെ ലോകകപ്പ് ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള താരമാണ് ബരേസി. പങ്കെടുത്ത മൂന്ന് ലോകകപ്പുകളിലും പോഡിയത്തില്‍ ഇടംനേടാൻ അദ്ദേഹത്തിന് സാധിച്ചു. 1982-ല്‍ ചാമ്പ്യനായപ്പോള്‍, 1990-ല്‍ മൂന്നാം സ്ഥാനവും 1994-ല്‍ റണ്ണറപ്പുമായി.
തുടക്കത്തില്‍ സഹോദരൻ ഗിയെസ്പെയോടൊപ്പം ഇന്റർ മിലാനില്‍ ട്രയല്‍സിനെത്തിയെങ്കിലും ഗിയെസ്പെയെ മാത്രമാണ് അവർ തിരഞ്ഞെടുത്തത്. തുടർന്ന് ഫ്രാങ്കോ ബരേസി ഇന്ററിന്റെ ചിരവൈരികളായ എ.സി. മിലാനില്‍ ചേരുകയും പിന്നീട് ഇറ്റാലിയൻ ദേശീയ ടീമിലെത്തുകയും ചെയ്തു. 1982-ല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും, 1990 ലോകകപ്പായപ്പോഴേക്കും അദ്ദേഹം ഇറ്റലിയുടെ പ്രതിരോധത്തിന്റെ നെടുംതൂണായി മാറി. വാള്‍ട്ടർ സെങ്ക, ബെർഗോമി, ഫെറിയ, മാള്‍ഡീനി എന്നിവർക്കൊപ്പമുള്ള ആ പ്രതിരോധനിര ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരുന്നു. സെമിഫൈനലില്‍ അർജന്റീനയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നതുവരെ ആ പ്രതിരോധം തകർക്കാൻ എതിരാളികള്‍ക്കായില്ല.
അസാധാരണ തിരിച്ചുവരവും പോരാട്ടവീര്യവും
1994-ലെ ലോകകപ്പില്‍ ക്യാപ്റ്റന്റെ ആംബാൻഡുമായാണ് ബരേസി കളത്തിലിറങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയയും നീണ്ട വിശ്രമവും വേണ്ടിവന്നു. റോബർട്ടോ ബാജിയോയുടെ മികവില്‍ ഇറ്റലി ഫൈനലിലെത്തിയപ്പോള്‍, പരിക്കുഭേദമാകാത്ത തനിക്കും കളിക്കണമെന്ന് ബരേസി പരിശീലകനായ അറിഗോ സാച്ചിയോട് ആവശ്യപ്പെട്ടു. റൊമാരിയോയും ബെബെറ്റോയും അടങ്ങിയ ശക്തമായ ബ്രസീലിയൻ മുന്നേറ്റനിരയ്ക്കെതിരെ പരിക്കേറ്റ താരത്തെ കളിപ്പിക്കുന്നത് വലിയ ചൂതാട്ടമായിരുന്നുവെങ്കിലും, കോച്ചിന്റെ വിശ്വാസം കാത്ത ബരേസി 120 മിനിറ്റും എതിരാളികളെ ഗോളടിക്കാൻ അനുവദിക്കാതെ തടഞ്ഞുനിർത്തി. ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് കിരീടം നഷ്ടമായെങ്കിലും ആ പ്രകടനം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.
അനാവശ്യ ഫൗളുകള്‍ക്ക് മുതിരാതെ, ടാക്കിളുകളേക്കാള്‍ പന്ത് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്തെടുക്കാനും എതിരാളികളുടെ നീക്കങ്ങള്‍ മുൻകൂട്ടിക്കാണാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് തുല്യതയില്ലാത്തതായിരുന്നു.
റോയല്‍മാൻ
താരങ്ങള്‍ ക്ലബ്ബുകള്‍ മാറിമറിയുന്ന ആധുനിക ഫുട്ബോളില്‍ നിന്ന് വ്യത്യസ്തമായി, തന്റെ 20 വർഷം നീണ്ട കരിയർ മുഴുവൻ എ.സി. മിലാനുവേണ്ടി മാത്രമാണ് ബരേസി മാറ്റിവെച്ചത്. അദ്ദേഹം അണിഞ്ഞിരുന്ന ആറാം നമ്പർ ജേഴ്സിയോട് ആദരസൂചകമായി, വിരമിക്കലിനു ശേഷം എ.സി. മിലാൻ ആ ജേഴ്സി പിൻവലിക്കുകയാണുണ്ടായത്.

