ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സീസണിലെ നിർണ്ണായക വിജയം സ്വന്തമാക്കി.
ഹൈദരാബാദ് ഉയർത്തിയ 157 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 19.5 ഓവറില്‍ ലക്ഷ്യം കണ്ടു. നായകൻ ഋഷഭ് പന്തിന്റെ കരുത്തുറ്റ ബാറ്റിംഗാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തില്‍ നിന്ന് പുറത്താകാതെ 68 റണ്‍സ് നേടിയ പന്ത്, അവസാന ഓവർ വരെ നീണ്ട നാടകീയതയ്ക്കൊടുവില്‍ ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.
അവസാന രണ്ട് ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ ഹർഷല്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് നേടാനായത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 9 റണ്‍സായി മാറി. ജയദേവ് ഉദ്‌നക്കട്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ഫോറടിച്ച് പന്ത് സ്‌കോർ തുല്യമാക്കി. എന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ റണ്ണൊന്നും നേടാനായില്ല. ഒടുവില്‍ അഞ്ചാം പന്തില്‍ ഫോറടിച്ചുകൊണ്ട് പന്ത് ലഖ്‌നൗവിന്റെ വിജയം ഉറപ്പിച്ചു. ഈ വിജയനിമിഷത്തില്‍ ടീം ഉടമ സഞ്ജീവ് ഗോയങ്ക വികാരനിർഭരനായി ഗാലറിയില്‍ ആഘോഷിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
നേരത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റതിന് പിന്നാലെ ഋഷഭ് പന്തും സഞ്ജീവ് ഗോയങ്കയും മൈതാനത്ത് വെച്ച് ദീർഘനേരം ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. പരിശീലകൻ ജസ്റ്റിൻ ലാംഗറും അന്ന് അവർക്കൊപ്പമുണ്ടായിരുന്നു. മുൻപ് 2024 സീസണില്‍ അന്നത്തെ നായകൻ കെ.എല്‍. രാഹുലുമായി ഗോയങ്ക പരസ്യമായി തർക്കത്തിലേർപ്പെട്ടത് വിവാദമായിരുന്നു. എന്നാല്‍ ഈ വിജയത്തോടെ ടീം മാനേജ്‌മെന്റും നായകനും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

