ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാൻ പുതിയ നാവിഗേഷൻ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സമുദ്ര മൈനുകളുടെ ഭീഷണി ഒഴിവാക്കുന്നതിനും വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി റെവല്യൂഷണറി ഗാർഡ്‌സ് (ഐആർജിസി) ആണ് പുതിയ യാത്രാ ഭൂപടം തയ്യാറാക്കിയത്. കടലിടുക്ക് പൂർണ്ണമായും തുറന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും, നിശ്ചിത റൂട്ടുകളിലൂടെ ഗതാഗതം നിയന്ത്രിക്കാനാണ് ഇറാന്റെ നീക്കം.
അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാൻ മധ്യസ്ഥതയില്‍ ഒപ്പുവെച്ച രണ്ടാഴ്ചത്തെ വെടിനിർത്തല്‍ കരാറിന് പിന്നാലെയാണ് ഈ പുതിയ നടപടി. ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ച കരാർ പ്രകാരം ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ നിന്ന് അമേരിക്കയും ഇസ്രയേലും പിന്മാറണമെന്നും പകരം ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടാൻ ഇറാൻ അനുവദിക്കണമെന്നുമാണ് വ്യവസ്ഥ. മേഖലയില്‍ ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഏപ്രില്‍ പത്തിന് കപ്പല്‍ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുമെന്ന് ഇറാൻ അറിയിച്ചിരിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം, ഒമാൻ കടലില്‍ നിന്ന് ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ ലാറക് ദ്വീപിന് വടക്ക് ഭാഗത്തുകൂടി സഞ്ചരിക്കണം. ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കുന്ന കപ്പലുകള്‍ ദ്വീപിന്റെ തെക്ക് ഭാഗത്തുകൂടിയുള്ള പാത പിന്തുടരണം. അപകടസാധ്യതയുള്ള മേഖലകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പ്രത്യേക പ്രവേശന, എക്സിറ്റ് ഇടനാഴികള്‍ കപ്പലുകള്‍ കർശനമായി പാലിക്കണമെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കൂടാതെ, കടലിടുക്കിലൂടെയുള്ള യാത്രയിലുടനീളം ഇറാനിയൻ നാവികസേനയുമായി അടുത്ത ബന്ധം പുലർത്താനും കപ്പലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുള്ള ഇറാന്റെ ആലോചന പുതിയ തർക്കങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. സമാധാന കരാറിന്റെ ഭാഗമായി ഇത്തരമൊരു ഫീസ് ഏർപ്പെടുത്തുന്നതിനെ ഒമാൻ ശക്തമായി എതിർത്തതായാണ് സൂചന. എന്നാല്‍, കപ്പലുകള്‍ക്ക് ചാർജ് ചുമത്തുന്നതിനുള്ള സംയുക്ത സംവിധാനത്തെക്കുറിച്ച് വാഷിംഗ്ടണ്‍ ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു. മേഖലയിലെ സംഘർഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടായെങ്കിലും, കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച ചർച്ചകള്‍ വരും ദിവസങ്ങളില്‍ നിർണ്ണായകമാകും.

