ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ യുഎൻ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു.
15 അംഗ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിർണ്ണായകമായ ഈ പ്രമേയം പരാജയപ്പെട്ടത്.
സൈനിക നടപടിയുള്‍പ്പെടെയുള്ള കർശന നിർദ്ദേശങ്ങളായിരുന്നു പ്രമേയത്തിന്റെ ആദ്യരൂപത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വീറ്റോ അധികാരമുള്ള റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്ന് ബലപ്രയോഗം സംബന്ധിച്ച പരാമർശങ്ങള്‍ ഒഴിവാക്കി പ്രമേയം പരിഷ്കരിച്ചിരുന്നു. റഷ്യയെയും ചൈനയെയും അനുനയിപ്പിക്കാനായി പ്രമേയത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചെങ്കിലും, ഒടുവില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് പ്രമേയത്തെ തള്ളുകയായിരുന്നു.

