കൊച്ചി: കളമശ്ശേരിയില്‍ ഏറ്റുമുട്ടിയ യുവാക്കളെ പിടിച്ചുമാറ്റാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ നാല് പോലീസുകാർക്ക് പരിക്കേറ്റു.
ഒരു പോലീസുകാരന്റെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രി സൗത്ത് കളമശ്ശേരിയിലായിരുന്നു സംഭവം. റോഡില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും സംഘർഷവും നടക്കുന്നത് കണ്ട് തടയാനായെത്തിയ കളമശ്ശേരി സ്റ്റേഷനിലെ പോലീസ് സംഘത്തിന് നേരെ യുവാക്കള്‍ തിരിയുകയായിരുന്നു. ആക്രമണത്തില്‍ പോലീസ് വാഹനത്തിനും ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചു. തുടർന്ന് കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
ആക്രമണം നടത്തിയവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നും ഇവരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

