പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'സൂക്ഷ്മദർശിനി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ധൂമകേതു'വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സജിൻ ഗോപു, നിഖില വിമല്‍, ഗണപതി എന്നിവർ അണിനിരക്കുന്ന തികച്ചും രസകരവും ആകാംഷ നിറഞ്ഞതുമായ ഒരു പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു കല്യാണാഘോഷത്തിനിടയില്‍ മുണ്ടൂരി ഓടുന്ന വരനും, അത് കണ്ട് അമ്പരന്നു നില്‍ക്കുന്ന വധുവുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഇതിനുപുറമേ അന്തരീക്ഷത്തില്‍ എയറില്‍ പറന്നുനില്‍ക്കുന്ന ഡംബലും കോടാലിയുമൊക്കെയായി വലിയ കൗതുകമാണ് പോസ്റ്റർ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രം സെപ്റ്റംബറില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തും.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയില്‍ അപൂർവ്വമായി മാത്രം കണ്ടുവരുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായി എത്തിയ ഫസ്റ്റ് ലുക്ക് വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നത്. അണ്ടർവാട്ടർ ത്രില്ലർ സൂചന തന്ന ഫസ്റ്റ് ലുക്കിന് പിന്നാലെ എത്തിയ കോമഡി അന്തരീക്ഷത്തിലുള്ള ഈ സെക്കൻഡ് ലുക്ക് കൂടിയായതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിയായിരിക്കുകയാണ്.
സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സജിൻ ഗോപു, നിഖില വിമല്‍ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവന റിലീസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് അങ്കിത് മേനോനാണ് സംഗീതം പകരുന്നത്. ഔസേപ്പ് ജോണ്‍ പ്രൊഡക്ഷൻ ഡിസൈനും രംഗനാഥ് രവി ശബ്ദലേഖനവും കൈകാര്യം ചെയ്യുന്നു. മഷർ ഹംസ വസ്ത്രാലങ്കാരവും ആർ. ജി. വയനാടൻ ചമയവും ആന്റണി തോമസ് പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രവർത്തിക്കുന്നു. സ്റ്റീവൻ കുമാർ സംഘട്ടനരംഗങ്ങള്‍ ഒരുക്കുമ്പോള്‍ വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും യെല്ലോടൂത്ത്സ് ഡിസൈനും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദില്‍ജിത്ത് ആണ്.

