ഗുരുഗ്രാം: കാമുകൻ നേരത്തെ വിവാഹിതനാണെന്ന വിവരം അറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍.
ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവിലാണ് സംഭവം നടന്നത്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലുള്ള ഗുഭാന ഗ്രാമവാസിയായ സുനില്‍ കുമാർ (35) എന്നയാളാണ്, കാമുകിയായ ദിവ്യ കട്ടാരിയയെ (23) കൊലപ്പെടുത്തിയ കേസില്‍ ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്.
ഗുരുഗ്രാമിലെ ബസായ് ഗ്രാമവാസിയായ ദിവ്യ കട്ടാരിയയും സുനില്‍ കുമാറും കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ചായിരുന്നു താമസം. ഒരു വർഷം മുമ്പ് സ്വർണം വില്‍ക്കാനായി ദിവ്യ സുനില്‍ കുമാറിന്റെ കടയിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയും ഇവർ ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. സുനില്‍ കുമാർ നേരത്തെ വിവാഹിതനാണെന്ന സത്യം ദിവ്യ അടുത്തിടെയാണ് മനസ്സിലാക്കുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിവസവും ഇതേ വിഷയത്തെച്ചൊല്ലി ഇവർക്കിടയില്‍ കടുത്ത വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സുനില്‍ കുമാർ മുറിയിലുണ്ടായിരുന്ന മണ്ണെണ്ണ ദിവ്യയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.
ജൂണ്‍ 19-നാണ് ഗുരുതരമായി പൊള്ളലേറ്റ ദിവ്യയെ ഗുരുഗ്രാമിലെ ആർട്ടിമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ദിവ്യ മരണത്തിന് കീഴടങ്ങി. മരണത്തിന് തൊട്ടുമുമ്പ് ദിവ്യ പൊലീസിന് നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. തന്റെ പങ്കാളിയായ സുനില്‍ കുമാർ തന്നെയാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയതെന്ന് ദിവ്യ വ്യക്തമാക്കുകയായിരുന്നു. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്റെ കടയില്‍ നടത്തിയ പരിശോധനയില്‍ യുവതിയെ തീകൊളുത്താൻ ഉപയോഗിച്ച മണ്ണെണ്ണ കുപ്പിയും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു.

