കൊച്ചി: യൂട്യൂബ് വെബ് സീരീസുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്മയായി മാറിയ 'കരിക്ക്' ഇനി സിനിമയിലേക്കും.
'ഗുഡ് ലക്ക് ചിക്കോ' എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. കരിക്കിന്റെ സ്ഥാപകനായ നിഖില്‍ പ്രസാദ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരിക്ക് സ്റ്റുഡിയോസുമായി സഹകരിച്ച് ഡോക്ടർ അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ഡോക്ടർ അനന്തുവാണ് സിനിമ നിർമിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്.
2018ല്‍ ആരംഭിച്ച കരിക്ക് മികച്ച മേക്കിങ്ങും സ്വാഭാവികമായ തമാശകളും കൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. നിലവില്‍ ഏകദേശം ഒരു 10 മില്യണോളംസബ്‌സ്‌ക്രൈബർമാരുള്ള കേരളത്തിലെ മുൻനിര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് കരിക്ക്.
എന്നാല്‍ അടുത്തിടെ പുതിയ സീരീസുകളോ അപ്‌ഡേറ്റുകളോ ഇല്ലാതിരുന്നത് കരിക്കിനെക്കുറിച്ച് പ്രേക്ഷകർക്കിടയില്‍ ആകാംക്ഷ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ആ കാത്തിരിപ്പിന് സിനിമാ പ്രഖ്യാപനത്തിലൂടെ മറുപടി ലഭിച്ചിരിക്കുകയാണ്. ആനന്ദ് മാത്യൂസ്, അനു കെ. അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോണ്‍, ജീവൻ സ്റ്റീഫൻ, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് തുടങ്ങിയ കരിക്ക് താരങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കളും 'ഗുഡ് ലക്ക് ചിക്കോ'യില്‍ എത്തുന്നുണ്ട്. വെബ് സീരീസുകളില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കുള്ള കരിക്കിന്റെ ഈ മാറ്റം പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

