Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖോര്‍ഫക്കാനില്‍ പുതിയ പ്രൗഢിയോടെ ഷീസ് മസ്ജിദ് യാഥാര്‍ത്ഥ്യമായി; പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച്‌ ഷാര്‍ജ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്

ഖോര്‍ഫക്കാനില്‍ പുതിയ പ്രൗഢിയോടെ ഷീസ് മസ്ജിദ് യാഥാര്‍ത്ഥ്യമായി; പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച്‌ ഷാര്‍ജ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്

Express Kerala 4 days ago

ഖോർഫക്കാനിലെ പർവത പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷങ്ങള്‍ക്ക് സാക്ഷാത്കാരമായി പുതിയ മസ്ജിദിന്റെ നിർമാണം പൂർത്തിയായി.

ഷാർജ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ (എസ്.ഡി.പി.ഡബ്ല്യു.) നേതൃത്വത്തിലാണ് പാരമ്പര്യ വാസ്തുവിദ്യയുടെ പ്രൗഢിയും ആധുനിക സൗന്ദര്യശാസ്ത്രവും ഇഴചേർത്ത് ഈ മനോഹര ദേവാലയം ഒരുക്കിയിരിക്കുന്നത്. ഷീസ് മസ്ജിദ് എന്നാണ് ഈ പുതിയ പള്ളിക്ക് പേരിട്ടിരിക്കുന്നത്.

ഒറ്റനിലയില്‍ അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന ഈ മസ്ജിദില്‍ ഒരേസമയം 100 വിശ്വാസികള്‍ക്ക് പ്രാർത്ഥന നിർവഹിക്കാനാകും. ഇതില്‍ 75 പേർക്ക് പുരുഷന്മാരുടെ പ്രാർത്ഥനാ ഹാളിലും 25 പേർക്ക് സ്ത്രീകളുടെ പ്രത്യേക സൗകര്യത്തിലുമാണ് ഇടം ഒരുക്കിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന പ്രദേശത്തിന്റെ പൈതൃകം ചോർന്നുപോകാത്ത രീതിയിലാണ് നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയിട്ടുള്ളത്.

ആരാധനയ്‌ക്കെത്തുന്നവർക്ക് സമ്പൂർണ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 17 മീറ്റർ ഉയരമുള്ള മനോഹരമായ മിനാരവും മസ്ജിദിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ വുളു ചെയ്യാനുള്ള ആധുനിക സൗകര്യങ്ങള്‍, ശുചിമുറികള്‍, ഇമാമിനായുള്ള പ്രത്യേക മുറി എന്നിവ ഉള്‍പ്പെടുന്ന സേവന കെട്ടിടവും പള്ളിയോട് ചേർന്ന് നിർമിച്ചിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദപരമായ സമീപനമാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. ഊർജക്ഷമതയേറിയ അത്യാധുനിക ലൈറ്റിങ് സംവിധാനങ്ങള്‍, മികച്ച എയർകണ്ടീഷണറുകള്‍, ജലസംരക്ഷണത്തിനായുള്ള പ്രത്യേക മാർഗങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പർവത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പ്രാദേശിക പൈതൃകം സംരക്ഷിച്ചുകൊണ്ട് ലോകനിലവാരത്തിലുള്ള പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് എസ്.ഡി.പി.ഡബ്ല്യു. ബ്രാഞ്ച് ഡയറക്ടർ എൻജിനിയർ അബ്ദുല്ല അല്‍ തുനൈജി വ്യക്തമാക്കി. മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയൊരു മുതല്‍ക്കൂട്ടായാണ് ഷീസ് മസ്ജിദിന്റെ ഉദ്ഘാടനം വിലയിരുത്തപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala