Dailyhunt
കൊല്‍ക്കത്തയെ തകര്‍ത്തു, പക്ഷേ അഭിഷേകിന് പണികിട്ടി; മാച്ച്‌ ഫീയുടെ 25 ശതമാനം പിഴ!

കൊല്‍ക്കത്തയെ തകര്‍ത്തു, പക്ഷേ അഭിഷേകിന് പണികിട്ടി; മാച്ച്‌ ഫീയുടെ 25 ശതമാനം പിഴ!

Express Kerala 1 week ago

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയ്ക്ക് തിരിച്ചടിയായി ഐപിഎല്‍ അച്ചടക്ക സമിതിയുടെ പിഴ.

മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന്റെ മാച്ച്‌ ഫീയുടെ 25 ശതമാനമാണ് പിഴയായി വിധിച്ചത്. കൂടാതെ താരത്തിന്റെ അക്കൗണ്ടില്‍ ഒരു ഡിമെറിറ്റ് പോയിന്റും ചേർത്തിട്ടുണ്ട്.

മത്സരത്തിനിടെ താൻ പുറത്തായ രീതിയിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ താരം അശ്ലീലമോ പ്രകോപനപരമോ ആയ ഭാഷ ഉപയോഗിച്ചതാണ് നടപടിക്ക് കാരണമായത്. ബ്ലെസിംഗ് മുസറബാനിയുടെ പന്തില്‍ വരുണ്‍ ചക്രവർത്തി ക്യാച്ചെടുത്താണ് അഭിഷേക് പുറത്തായത്. എന്നാല്‍ പന്ത് നിലത്ത് തട്ടിയോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. ഈ തീരുമാനത്തോടുള്ള പ്രതിഷേധമാണ് താരത്തിന് വിനയായത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിള്‍ 2.3 പ്രകാരമുള്ള ലെവല്‍-1 കുറ്റമാണ് താരം ചെയ്തതെന്ന് മാച്ച്‌ റഫറി കണ്ടെത്തി.

അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗില്‍ തകർപ്പൻ ഫോമിലായിരുന്നു അഭിഷേക്. വെറും 21 പന്തില്‍ നിന്ന് 4 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 48 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് 5.4 ഓവറില്‍ 82 റണ്‍സിന്റെ വെടിക്കെട്ട് തുടക്കമാണ് താരം ഹൈദരാബാദിന് നല്‍കിയത്. അഭിഷേകിന്റെ ഈ പ്രകടനത്തിന്റെ കരുത്തില്‍ 20 ഓവറില്‍ 226 റണ്‍സെന്ന വലിയ സ്കോർ പടുത്തുയർത്താൻ ഹൈദരാബാദിന് സാധിച്ചു. ഏപ്രില്‍ 5-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala