തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗം എസ്‌ആർവി എല്‍പി സ്കൂളിന് സമീപമുള്ള 'സിഗ്നേച്ചർ ഡിഷസ്' എന്ന ഭക്ഷണശാലയില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേർക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്.
ഇതില്‍ 12 പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.
കപ്പയും ബീഫും വിറ്റിരുന്ന ഈ കട പിന്നീട് ഷവർമയും ഷവായയും അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലേക്ക് മാറുകയായിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ‘കോംബോ ഓഫർ’ പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം ആളുകളാണ് കടയിലേക്ക് എത്തിയത്. ഇങ്ങനെ ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
സഭയില്‍ 'ഓളം വെട്ടി നടക്കുന്ന ചിലർ', ആ പറഞ്ഞത് അവരെക്കുറിച്ചല്ല; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
രോഗബാധിതരായവരില്‍ ആറു വയസ്സുകാരി ദക്ഷിണ ഉള്‍പ്പെടെ നിരവധി പേരുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. ഇവർ കഴിച്ച ഷവർമയും ഷവായയും കേടായതാണോ എന്ന് സംശയിക്കുന്നു.
സംഭവത്തില്‍ കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഉള്‍പ്പെടെയുള്ള മതിയായ രേഖകളില്ലാതെയാണ് ഈ ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ കട പൂട്ടിച്ചു.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

