കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ തകർന്നു വീണു. ഇന്ന് രാവിലെ 11:10 ഓടെയാണ് സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ടവർ തകർന്നു വീണത്.
വലിയ ശബ്ദത്തോടെ ടവർ നിലംപൊത്തിയെങ്കിലും, ഭാഗ്യവശാല്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഉച്ചയ്ക്ക് 2:05-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ പ്ലാറ്റ്‌ഫോമില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ തിരക്കില്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ടവറിന് സമീപമുണ്ടായിരുന്ന ചില റെയില്‍വേ ജീവനക്കാർ ശബ്ദം കേട്ട് ഉടൻതന്നെ ഓടിമാറിയതിനാല്‍ അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
150 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിത്. ക്ലോക്ക് ടവറിന്റെ അവസ്ഥ വളരെ മോശമാണെന്നും ഏത് നിമിഷവും തകരാൻ സാധ്യതയുണ്ടെന്നും നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തെത്തുടർന്ന് പ്ലാറ്റ്‌ഫോമില്‍ സുരക്ഷാ പരിശോധനകള്‍ കർശനമാക്കി.

