കുവൈത്ത്: ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘർഷം പുകയുന്നു. കുവൈത്തിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാലയായ മിന അല്‍ അഹമ്മദിക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായി.
ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണശാലയിലെ വിവിധ യൂണിറ്റുകളില്‍ വൻ തീപിടിത്തമുണ്ടായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയവും കുവൈത്ത് പെട്രോളിയം കോർപ്പറേഷനും സ്ഥിരീകരിച്ചു.
കുവൈത്തില്‍ പുകയുന്ന തീ
മിന അല്‍ അഹമ്മദി റിഫൈനറി ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ യൂണിറ്റുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് സർക്കാർ അറിയിച്ചു. പ്രതിദിനം 7,30,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. കഴിഞ്ഞ മാസം പത്തൊമ്പതാം തീയതിയും ഇതേ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
സൗദിയില്‍ പ്രതിരോധം ശക്തം
കുവൈത്തിന് പിന്നാലെ സൗദി അറേബ്യയെ ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. എന്നാല്‍ സൗദി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജാഗ്രത വലിയൊരു ദുരന്തം ഒഴിവാക്കി. സൗദിക്ക് നേരെ വന്ന ഏഴ് ഡ്രോണുകളെയും തങ്ങള്‍ വിജയകരമായി വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഈ നീക്കമെന്നാണ് പ്രാഥമിക നിഗമനം.
ആഗോള വിപണിയില്‍ ആശങ്ക
എണ്ണ ഉല്‍പ്പാദന മേഖലകളെ ലക്ഷ്യം വെച്ചുള്ള തുടർച്ചയായ ആക്രമണങ്ങള്‍ രാജ്യാന്തര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മിന അല്‍ അഹമ്മദി പോലുള്ള വലിയ ശുദ്ധീകരണശാലകള്‍ സ്തംഭിക്കുന്നത് എണ്ണ വിലയെയും ആഗോള വിപണിയെയും ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സംഭവത്തെത്തുടർന്ന് ഗള്‍ഫ് മേഖലയില്‍ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

