ചിലിയിലെ സാന്‍റിയാഗോ വിമാനത്താവളത്തില്‍ ഇറങ്ങാൻ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലാറ്റം എയർലൈൻസിന്റെ വിമാനത്തിന് നേരെ ഇടിമിന്നലേറ്റു.
വടക്കൻ ചിലിയിലെ അന്‍റോഫഗാസ്റ്റയില്‍ നിന്നും സാന്‍റിയാഗോയിലേക്ക് സർവീസ് നടത്തിയ LA 341 വിമാനമാണ് ശക്തമായ മഴയ്ക്കിടെ അപകടാവസ്ഥയെ നേരിട്ടത്. വിമാനത്തിനുള്ളില്‍ ശക്തമായ വെളിച്ചം മിന്നുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്തതോടെ യാത്രക്കാർ കടുത്ത ഭീതിയിലായി.
യാത്രക്കാരുടെ പരിഭ്രാന്തിക്കിടയിലും വിമാനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവർത്തിച്ചു. മിന്നലില്‍ നിന്നുള്ള വൈദ്യുതപ്രവാഹം സുരക്ഷിതമായി പുറത്തേക്ക് കടത്തിവിടാൻ ആധുനിക വിമാനങ്ങളില്‍ പ്രത്യേക സംവിധാനങ്ങളുള്ളതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. സാന്‍റിയാഗോയിലെ ആർതുറോ മെറിനോ ബെനിറ്റസ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും ആർക്കും പരിക്കുകളില്ലെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
ഇത്തരം അപ്രതീക്ഷിത കാലാവസ്ഥാ പ്രതിഭാസങ്ങളെ പൂർണ്ണമായും പ്രതിരോധിക്കാൻ പാകത്തിലാണ് ആധുനിക വിമാനങ്ങളുടെ ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിന്നലേല്‍ക്കുന്നത് യാത്രക്കാരെ ഭയപ്പെടുത്തുന്ന അനുഭവമാണെങ്കിലും, യാതൊരുവിധ അപകടങ്ങളും സംഭവിക്കാതെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത് വലിയ ആശ്വാസമായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

