Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴയില്ല, മുന്നറിയിപ്പുമില്ല! നേപ്പാളിനെ വിഴുങ്ങിയ 'ഗ്ലോഫ്' പ്രളയം. ഹിമാലയത്തില്‍ സംഭവിച്ചതെന്ത്?

മഴയില്ല, മുന്നറിയിപ്പുമില്ല! നേപ്പാളിനെ വിഴുങ്ങിയ 'ഗ്ലോഫ്' പ്രളയം. ഹിമാലയത്തില്‍ സംഭവിച്ചതെന്ത്?

Express Kerala 1 week ago

ഹിമാലയത്തില്‍ നിന്ന് പെട്ടെന്ന് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നേപ്പാളിലെ റസുവ ജില്ലയില്‍ ഭോട്ടെകോഷി, തൃശൂലി നദികള്‍ കരകവിഞ്ഞു, റസുവ ജില്ലാ ആസ്ഥാനത്തോ പരിസരത്തോ മഴയില്ലാത്ത സമയത്തായിരുന്നു ബുധനാഴ്ച രാവിലെ എട്ടോടെ പ്രളയമുണ്ടായത്.

ചൈനയുമായുള്ള പ്രധാന വ്യാപാരപാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 111 മെഗാവാട്ടിന്റെ റസുവഗഡി പദ്ധതി, ചിലിമെ, തൃശൂലി-3എ ഉള്‍പ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികള്‍ തകരുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തതായാണ് റിപ്പോർട്ട്. പ്രളയഭീതി പിന്നീട് ബിഹാറിലെ ഗണ്ഡക് നദീതീരത്തേക്കും എത്തി.

മഴയില്ലാതെ ഇത്ര വലിയ പ്രളയമുണ്ടായതിന് പിന്നില്‍ 'ഗ്ലോഫ്' എന്നറിയപ്പെടുന്ന ഹിമതടാക വിസ്‌ഫോടനമാകാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. റസുവയില്‍ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പില്‍ നിന്ന് 5,100 മീറ്റർ ഉയരത്തിലുള്ള ലെൻഡെ നദിയിലേക്ക് കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണതാകാം തുടക്കമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ നദീതടം അടഞ്ഞ് വലിയ ജലസംഭരണി രൂപപ്പെടുകയും പിന്നീട് അത് പെട്ടെന്ന് തകർന്നതോടെ വെള്ളം താഴേക്ക് കുതിച്ചൊഴുകുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ. റിജൻ ഭക്ത കായസ്ഥ വ്യക്തമാക്കിയതായി കാത്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിന് തൊട്ടുമുമ്പ് തിബറ്റൻ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു.എസ്. ജിയോളജിക്കല്‍ സർവേയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രകമ്പനം ഹിമപാതത്തിനോ ഹിമതടാകത്തിന്റെ സ്വാഭാവിക തിട്ടകള്‍ തകരുന്നതിനോ കാരണമായിരിക്കാമെന്നാണ് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.

ഹിമാനികള്‍ ഉരുകുമ്പോള്‍ മണ്ണും പാറകളും അടിഞ്ഞുകൂടി രൂപപ്പെടുന്ന സ്വാഭാവിക തടയണകളില്‍ വെള്ളം കെട്ടിക്കിടന്ന് വലിയ ഹിമതടാകങ്ങള്‍ രൂപപ്പെടാറുണ്ട്. കോണ്‍ക്രീറ്റ് ഡാമുകളെപ്പോലെ ശക്തമല്ലാത്ത മണ്ണും കല്ലും മഞ്ഞും ചേർന്ന ഈ തിട്ടകള്‍ ആഗോളതാപനത്തെ തുടർന്ന് മഞ്ഞുരുകല്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ സമ്മർദത്തിലാകും. ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടായാല്‍ ഈ പ്രകൃതിദത്ത ഭിത്തികള്‍ തകരുകയും ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളത്തോടൊപ്പം പാറകളും ചെളിയും അതിവേഗം താഴ്വരകളിലേക്ക് കുതിച്ചെത്തുകയും ചെയ്യും. ഇതാണ് ഗ്ലേഷ്യല്‍ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ളഡ് അഥവാ 'ഗ്ലോഫ്'.

കനത്ത മഴയും ഉരുള്‍പൊട്ടലും മൂലമുള്ള പ്രളയങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആകാശത്ത് മഴമേഘങ്ങള്‍ പോലുമില്ലാത്ത സമയത്തും ഗ്ലോഫ് പ്രളയം ഉണ്ടാകാം. അതുകൊണ്ടുതന്നെ താഴ്‌വരകളിലുള്ളവർക്ക് അപകടത്തിന്റെ മുന്നറിയിപ്പ് ലഭിക്കാനുള്ള സമയം വളരെ കുറവായിരിക്കും. നേപ്പാളിലെ സംഭവവും ഹിമാലയൻ മേഖലയില്‍ ഹിമതടാകങ്ങളും അവയുടെ സ്വാഭാവിക തടയണകളും നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചൂണ്ടിക്കാട്ടുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala