തന്റെ ഏറ്റവും പുതിയ ചിത്രമായ 'ധർമന്റെ' ടൈറ്റില്‍ ലോഞ്ച് വേദിയില്‍ വെച്ച് മനസ്സ് തുറന്ന് തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ രജനികാന്ത്.
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റെടുത്തപ്പോള്‍ രജനികാന്ത് പുലർത്തിയ മൗനം വലിയ രീതിയില്‍ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. “എന്തുകൊണ്ട് സംസാരിച്ചു, അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നൊക്കെയാണ് ആളുകള്‍ പറയാറുള്ളത്. മിണ്ടിയാലും പ്രശ്നം, മിണ്ടിയില്ലെങ്കിലും പ്രശ്നം! നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മള്‍ എന്ത് ചെയ്താലും അത് ഇഷ്ടപ്പെടാൻ പോകുന്നില്ല,” എന്ന് രജനി തുറന്നടിച്ചു.
എല്ലാവരുടെയും അംഗീകാരം എപ്പോഴും പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ച താരം, ജീവിതത്തില്‍ താൻ വൈകി മനസ്സിലാക്കിയ ഒരു സത്യവും ആരാധകരുമായി പങ്കുവെച്ചു. നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മള്‍ എന്ത് ചെയ്താലും അത് കണ്ണടച്ച് അംഗീകരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും, അതുകൊണ്ട് തന്നെ നമ്മള്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യരുടെ അഭിപ്രായങ്ങള്‍ പലപ്പോഴും അവരുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീണ്ട 40 വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് അതികായരായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ‘ധർമൻ’. ടൈറ്റില്‍ ലോഞ്ച് മുതല്‍ക്കേ വലിയ രീതിയിലുള്ള മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടേത് ഒരു ഫാമിലി ത്രില്ലർ കഥാ പശ്ചാത്തലമായിരിക്കുമെന്നും, ഇതൊരു ‘5 രൂപ ഡോക്ടറുടെ’ കഥയല്ല മറിച്ച് ഒരു ധിക്കാരിയായ ഡോക്ടറുടെ കഥയാണെന്നും സംവിധായകൻ അശ്വന്ത് വ്യക്തമാക്കി. സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘പടയപ്പ’, ‘വേട്ടയാട് വിളയാട്’ എന്നിവയുടെ ഒരു സങ്കലനമായിരിക്കും ഈ ചിത്രമെന്നും, കമല്‍ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

