Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി വിജയ്‌യുടെ പേരില്‍ മധ്യപ്രദേശില്‍ വൻ തട്ടിപ്പ്; വ്യാജ ഫൗണ്ടേഷൻ വഴി ലക്ഷങ്ങള്‍ കവര്‍ന്നു, തമിഴ്‌നാട് പോലീസും അന്വേഷണത്തില്‍

മുഖ്യമന്ത്രി വിജയ്‌യുടെ പേരില്‍ മധ്യപ്രദേശില്‍ വൻ തട്ടിപ്പ്; വ്യാജ ഫൗണ്ടേഷൻ വഴി ലക്ഷങ്ങള്‍ കവര്‍ന്നു, തമിഴ്‌നാട് പോലീസും അന്വേഷണത്തില്‍

Express Kerala 2 weeks ago

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് മധ്യപ്രദേശില്‍ ഓണ്‍ലൈൻ വഴി വൻ തട്ടിപ്പ്.

വിജയ് ഫൗണ്ടേഷൻ ട്രസ്റ്റില്‍ നിന്നാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുസംഘം ജനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. ഫൗണ്ടേഷന്റെ പേരില്‍ ഒട്ടേറെ ക്ഷേമപദ്ധതികളും വായ്പകളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ, ബിസിനസ്, സ്വയംസഹായ സംഘങ്ങള്‍ എന്നിവയിലൂടെ വായ്പകള്‍ നല്‍കുമെന്നായിരുന്നു ഈ സംഘത്തിന്റെ വാഗ്ദാനം. ജി.എസ്.ടി. ഫീസ്, വെരിഫിക്കേഷൻ ഫീസ്, രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയ വിവിധ പേരുകളില്‍ ആളുകളില്‍ നിന്ന് 1,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഇവർ ഈടാക്കിയത്. ഇത്തരത്തില്‍ ഇതുവരെ പത്തുലക്ഷത്തോളം രൂപ വിവിധ വ്യക്തികളില്‍ നിന്നായി തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം.

പണം നല്‍കിയിട്ടും വാഗ്ദാനം ചെയ്ത വായ്പകളോ മറ്റ് സഹായങ്ങളോ ലഭിക്കാതെ വന്നതോടെയാണ് ജനങ്ങള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. പണം കൈപ്പറ്റിയവരെ പിന്നീട് ബന്ധപ്പെടാനും സാധിച്ചില്ല. തുടർന്ന് ഇരകളായവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദോർ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വിജയ്‌ക്ക് ആരാധകവൃന്ദം വർധിച്ചുവരുന്ന സാഹചര്യവും അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുമാണ് തട്ടിപ്പുകാർ ഇതിനായി മുതലെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാട് സൈബർ പോലീസിന്റെ സഹായവും ഇന്ദോർ പോലീസ് തേടിയിട്ടുണ്ട്. തമിഴ്‌നാട് പോലീസും സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala