Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഭരണമാറ്റം? യുഡിഎഫിൻ്റെ കണക്ക് കൂട്ടല്‍ തെറ്റിക്കുന്ന നീക്കവുമായി കേന്ദ്രം

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഭരണമാറ്റം? യുഡിഎഫിൻ്റെ കണക്ക് കൂട്ടല്‍ തെറ്റിക്കുന്ന നീക്കവുമായി കേന്ദ്രം

Express Kerala 1 month ago

കൊട്ടിഘോഷിച്ച്‌ അധികാരത്തില്‍ വന്ന വി ഡി സതീശൻ സർക്കാരിന് ഇനി ആയുസ്സ് വെറും ആയിരം ദിവസം മാത്രമായിരിക്കും. അതായത് മൂന്ന് വർഷത്തോളം മാത്രമേ വി ഡി സതീശൻ സർക്കാരിനും ഇനി പ്രവർത്തന കാലയളവ് ഉണ്ടായിരിക്കുകയൊള്ളൂ.

2029 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിൻ്റെ നീക്കമാണ് മുഖ്യമന്ത്രി കസേരയില്‍ കടിച്ച്‌ തൂങ്ങിയെത്തിയ വി ഡി സതീശൻ്റെയും വൻ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സർക്കാരിൻ്റെയും ഭാവിക്ക് മുന്നില്‍ കരിനിഴല്‍ വീഴ്ത്തുന്നത്.

പാർലമെൻ്റില്‍ ഒരിക്കല്‍ പരാജയപ്പെട്ട ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കാൻ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി നടത്തുന്ന നീക്കം ഫലം കാണുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. കണക്കിലെ കളികളും ബി.ജെ.പിയുടെ ഈ നീക്കത്തിന് അനുകൂലമാണ്. വരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുസംബന്ധമായ റിപ്പോർട്ട് കേന്ദ്രസർക്കാർ സമർപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണ്ണയ ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും നിയമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പ്രതിപക്ഷ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിനും ഡി എം കെയ്ക്കും ഉണ്ടായ വമ്പൻ തിരിച്ചടികളാണ് വീണ്ടും ബില്ല് പാർലമെൻ്റില്‍ കൊണ്ടുവരുവാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിൻ്റെയും ഡി എം കെയുടെയും പാർലമെൻ്റ് അംഗങ്ങളും മറ്റു ചില പാർട്ടികളുടെ എംപിമാരും ഇത്തവണ അനുകൂലമായി വോട്ട് ചെയ്യുമെന്ന് ബി.ജെ.പി ഇതിനകം തന്നെ ഉറപ്പ് വരുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ടിവികെ അട്ടിമറി വിജയം നേടിയതോടെ എത്രയും പെട്ടന്ന് അധികാരം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് ഡി എം കെ നേതൃത്വമുള്ളത്. മറ്റെല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനാണ് നീക്കം. അതിന് എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടക്കണമെന്ന ചിന്താഗതിയാണ് ഡി എം കെ നേതൃത്വത്തിനുള്ളത്. സൂപ്പർസ്റ്റാർ രജനീകാന്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തി കാട്ടാനുള്ള നീക്കവും തന്ത്രപരമായി ഡിഎംകെ നേതൃത്വം നടത്തുന്നുണ്ട്. ഇതിന് ബിജെപിയുടെ മൗനാനുവാദം ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.

വിജയ് സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച്‌ തമിഴ്നാട് ഭരണം പിടിച്ചത് ഏറ്റവും അധികം ഷോക്കായത് ഡിഎംകെയ്ക്കും അണ്ണാ ഡി എംകെയ്ക്കും മാത്രമല്ല സാക്ഷാല്‍ രജനീകാന്തിന് കൂടിയാണ്. കാരണം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച്‌ തമിഴ്നാട് ഭരണം പിടിക്കാൻ ആദ്യം ആഗ്രഹിച്ചതും ഇതേ രജനീകാന്ത് തന്നെയാണ്. എന്നാല്‍ ഒടുവില്‍ പരാജയ ഭീതി മുന്നില്‍ കണ്ട് ഒടുവില്‍ അദ്ദേഹം പേടിച്ച്‌ പിൻമാറുകയാണ് ഉണ്ടായത്. ഈ ഗ്യാപ്പിലാണ് ടിവികെ എന്ന പാർട്ടി രൂപീകരിച്ച്‌ രണ്ട് വർഷത്തിനുള്ളില്‍ തന്നെ വിജയ് ഇപ്പോള്‍ ഭരണം പിടിച്ചിരിക്കുന്നത്.

സൂപ്പർ താരത്തെ ഉയർത്തിക്കാട്ടാതെ ഇനി ഭരണത്തില്‍ തിരിച്ചുവരാൻ പറ്റില്ലെന്ന് കരുതുന്ന ഡിഎംകെ നേതൃത്വം അതിനായി സൂപ്പർ സ്റ്റാർ രജനീകാന്തിനെ മുന്നില്‍ നിർത്താനാണ് ആഗ്രഹിക്കുന്നത്. മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള രജനീകാന്തിൻ്റെ അടുപ്പം അദ്ദേഹത്തെ ഡിഎംകെ ക്യംപില്‍ എത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിൻ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കാണാൻ വീട്ടിലേക്ക് കുതിച്ചെത്തിയ രജനീകാന്ത്, താൻ ഒപ്പം ഉണ്ട് എന്ന സന്ദേശമാണ് ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

അണ്ണാ ഡിഎംകെ ശിഥിലമായ സാഹചര്യത്തില്‍ ഡിഎംകെയുമായി തന്ത്രപരമായ ഒരു നീക്ക്പോക്ക് ബിജെപിയും ആഗ്രഹിക്കുന്നുണ്ട്. ടി വി കെ കോണ്‍ഗ്രസ്സ് പാളയത്തില്‍ എത്തിയ സ്ഥിതിക്ക് 2029 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ധാരണ ഉണ്ടാക്കുന്നത് നല്ലതാണ് എന്ന അഭിപ്രായമാണ് ബിജെപി നേതൃത്വത്തിനും ഉള്ളത്.

ടിവികെ മുന്നണിയില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും വിസികെയും മുസ്ലിം ലീഗും ചേർന്ന് മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തില്‍ അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തെയും മറ്റ് എൻഡിഎ ഘടക കക്ഷികളെയും രജനീകാന്തിനെയും ഒപ്പം നിർത്തുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഡി എം കെയ്ക്കും മുന്നിലില്ല. ഈ സാഹചര്യത്തില്‍ ഇനി കണ്ടറിയേണ്ടത് ബിജെപിയുമായി ഡി എം കെ പരസ്യമായി കൂട്ട് കെട്ടുണ്ടാക്കുമോ അതോ രഹസ്യ ധാരണ മാത്രമായിരിക്കുമോ എന്നത് മാത്രമാണ്. ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ പുതിയ നീക്കം ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ അറിവോടെ ആയതിനാല്‍ ഒരു സാധ്യതയും തല്‍ക്കാലം തള്ളിക്കളയാൻ സാധിക്കുകയില്ല. മാത്രമല്ല കേന്ദ്രത്തിലെ ആദ്യ എൻഡിഎ സർക്കാരിൻ്റെ ഭാഗമായ ഒരു പഴയ ചരിത്രവും ഡിഎംകെയ്ക്ക് ഉണ്ട്.

തമിഴ്നാട്ടില്‍ വിജയ് ആണ് പ്രധാന എതിരാളി എന്നതിനാല്‍ അദ്ദേഹത്തെ വീഴ്ത്തുക, ടിവികെയെ തകർക്കുക എന്നതിന് മാത്രമാണ് ഡി എം കെ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. മറ്റൊന്നും തന്നെ അവർ ചിന്തിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനായി രജനീകാന്ത് മുഖ്യമന്ത്രി, ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി എന്ന ഒരു ഫോർമുല തന്നെ ഡി എം കെ ഉണ്ടാക്കിയിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ സ്റ്റാലിനെ മത്സരിപ്പിച്ച്‌ കേന്ദ്രമന്ത്രിയാക്കാമെന്ന വമ്പൻ വാഗ്ദാനം ബി.ജെ.പി തന്നെ മുന്നോട്ട് വച്ചിട്ടുള്ളതായ മറ്റൊരു വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ലാത്തതിനാല്‍ എന്തു വേണമെങ്കിലും സംഭവിക്കാം എന്നതാണ് അവസ്ഥ. എന്തായാലും ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള ബില്ലിനെ ഇന്ത്യാ മുന്നണിയില്‍ നിന്നും പുറത്തു വന്ന ഡിഎംകെ എംപിമാർ പിന്തുണയ്ക്കും എന്നു തന്നെയാണ് കരുതപ്പെടുന്നത്. മണ്ഡല പുനർ നിർണ്ണയത്തില്‍ ഡിഎംകെയുടെ ആശങ്ക പരിഹരിക്കാം എന്ന ഉറപ്പും ബിജെപി നേതൃത്വം നല്‍കി കഴിഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലെ അവസ്ഥ ഇതാണെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ മറ്റൊന്നാണ്. ഇവിടെ പന്ത് ബിജെപിയുടെ ക്വാർട്ടിലാണുള്ളത്. വൻ ഭൂരിപക്ഷത്തിന് ഭരണം പിടിച്ച ബിജെപിയിലേക്ക്, തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വലിയ ഒഴുക്കാണുള്ളത്. മമത ബാനർജി വിളിച്ച തൃണമൂല്‍ എം എല്‍ എമാരുടെ യോഗത്തിലേക്ക് വെറും ഇരുപതു പേർ മാത്രമാണ് എത്തിയത് എന്നത് ആ പാർട്ടിയുടെ നിലവിലെ അവസ്ഥയെ ആണ് വെളിപ്പെടുത്തുന്നത്. 60 പേരും യോഗത്തിനെത്താതെ മാറി നിന്നത് മമതയെ ശരിക്കും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. തൃണമൂല്‍ നേതാക്കള്‍ റോഡില്‍ ഇറങ്ങിയാല്‍ അടികിട്ടുന്ന അവസ്ഥയിലേക്കാണ് അവിടെ കാര്യങ്ങള്‍ പോകുന്നത്.

സി.പി.എമ്മിനെ എങ്ങനെയൊക്കെയാണോ ബംഗാളില്‍ മമതയും തൃണമൂലും തകർത്തത് അതേ രൂപത്തിലാണ് ബി.ജെ.പി ഇപ്പോള്‍ തൃണമൂലിനെയും തകർക്കുന്നത്. ഏത് നിമിഷയും തൃണമൂല്‍ കോണ്‍ഗ്രസ് പിളരുമെന്ന അവസ്ഥയാണ് ബംഗാളില്‍ ഉള്ളത്. പാർട്ടി എംപിമാരായ അഭിഷേക് ബാനർജിയും കല്യാണ്‍ ബാനർജിയും ആക്രമിക്കപ്പെട്ടത് തൃണമൂല്‍ നേതാക്കളുടെയും പ്രവർത്തകരുടെയും ഉള്ള ആത്മവീര്യവും കെടുത്തിയിട്ടുണ്ട്.

ഈ അവസരം ഉപയോഗിച്ച്‌ ബിജെപി നടത്തിയ നീക്കമാണ് തൃണമൂല്‍ എംപിമാരെ അവർക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്. ബഹുഭൂരിപക്ഷം തൃണമൂല്‍ എംപിമാരും ബിജെപി പാളയത്തില്‍ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പിളർന്നു വരുന്ന തൃണമൂല്‍ എംപിമാർക്ക് 2029 ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്.

ഒരിക്കല്‍ പാർലമെൻ്റില്‍ പരാജയപ്പെട്ട, മണ്ഡല പുനർനിർണ്ണയ ബില്ലും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും നിയമമാക്കാനുള്ള നടപടികള്‍ക്ക് ഇപ്പോള്‍ വീണ്ടും വേഗത വർദ്ധിക്കാൻ കാരണവും ഇതൊക്കെ തന്നെയാണ്. ലോക്സഭ-നിയമസഭാ തിരഞെടുപ്പുകള്‍ ഒരുമിച്ചു നടന്നാല്‍ അതിൻ്റെ ഗുണം എൻഡിഎയ്ക്കു കിട്ടുമെന്നതിനാല്‍ എൻഡിഎ ഘടക കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഈ ബില്ലിനെ ശക്തമായി എതിർക്കുമെങ്കിലും 2029-ല്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടന്നാല്‍ ഭരണം പിടിച്ചെടുക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷമുള്ളത്. സി.പി.എം സംഘടനാ സമ്മേളനങ്ങള്‍ പൂർത്തീകരിക്കപ്പെടുന്നതോടെ വലിയ രൂപത്തിലുള്ള നേതൃമാറ്റം പാർട്ടിയില്‍ ഉണ്ടാകുമെന്നും അടിമുടി മാറുന്ന പുതിയ നേതൃത്വത്തിന് കീഴില്‍ ഇടതുപക്ഷം ഭരണം തിരിച്ചു പിടിക്കുമെന്നുമാണ് ഇടതുപക്ഷ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണം നഷ്ടമായെങ്കിലും ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി സി.പി.എം തന്നെയാണ്. സി.പിഎമ്മിൻ്റെയും അവരുടെ വർഗ്ഗ ബഹുജന സംഘടനകളുടയും അടിത്തറയും കേരളത്തില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ തെറ്റുതിരുത്തി പുതിയ നേതൃത്വത്തിന് കീഴില്‍ സിപിഎം പടനയിച്ചാല്‍ അതിനെ പിടിച്ചു കെട്ടുക യുഡിഎഫിനെ സംബന്ധിച്ച്‌ ഏറെ ബുദ്ധിമുട്ടാകും. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി വിഡി സതീശൻ്റെ ഇമേജ് കുത്തനെ ഇടിഞ്ഞ് പൊളിഞ്ഞ് വീണ സാഹചര്യമാണുള്ളത്. അദാനി ബന്ധം, ധാർഷ്ട്യം തുടങ്ങി കേന്ദ്ര ഏജൻസികളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം വരെ വലിയ രൂപത്തിലാണ് കേരളത്തില്‍ ചർച്ചയായിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിലും ഐ എ എസ് ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ സ്ഥലംമാറ്റത്തിലും മുസ്ലിംലീഗിലും വലിയ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി സതീശൻ പിണറായിക്ക് പഠിക്കുകയാണ് എന്ന വിമർശനമാണ് അവർ ഉയർത്തുന്നത്.

ഇതിനു പുറമെ തുഷാർ വെള്ളാപ്പള്ളി വീട്ടില്‍ എത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചതും വെള്ളാപ്പള്ളി നടേശന് മുന്നില്‍ മന്ത്രി ബിന്ദുകൃഷ്ണ തലകുനിച്ച്‌ നിന്നതും യു ഡി എഫ് സർക്കാറിൻ്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയുമായുള്ള പിണറായി വിജയൻ്റെ അടുപ്പമാണ് ഇടതുപക്ഷത്തിൻ്റെ തോല്‍വിയില്‍ നിർണ്ണായക പങ്കുവഹിച്ചത് എന്ന യാഥാർത്ഥ്യം മറന്ന് യുഡിഎഫ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിമാരോട് അടുക്കുന്നത് വലിയ ഭിന്നതായാണ് യുഡിഎഫ് അണികളില്‍ നിലവില്‍ സൃഷ്‌ടിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയെ എതിർത്തത് വഴി ലഭിച്ച ഇമേജാണ് തനിക്കുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യം സതീശനെങ്കിലും തിരിച്ചറിയണമായിരുന്നു എന്ന അഭിപ്രായം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പോലും ഇപ്പോള്‍ തുറന്നു പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്ക് എതിരെ കേസെടുക്കുന്നതും സതീശൻ്റെ ഇമേജിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതൊക്കെ വിഡി സതീശനെതിരെ പൊതുവികാരം സൃഷ്‌ടിക്കപ്പെട്ടുതുടങ്ങാൻ കാരണമായിട്ടുണ്ട്.

മാത്രമല്ല, കോണ്‍ഗ്രസ്സിലെ അധികാര തർക്കം പൊട്ടിത്തെറിയില്‍ എത്തുന്ന സാഹചര്യവും 2029-ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടന്നാല്‍ ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തഴയപ്പെട്ട കെസി വേണുഗോപാല്‍ കൂടി നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശനെ സംബന്ധിച്ച്‌ വലിയ ഭീഷണിയാണ് ഉയർത്തുക. ഇത്തവണ ഇവർ തമ്മില്‍ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി നടത്തിയ കടിപിടിയുടെ യഥാർത്ഥ റിസള്‍ട്ട് ലഭിക്കാൻ പോകുന്നതും 2029-ലെ ആ തിരഞ്ഞെടുപ്പില്‍ തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടന്നാല്‍ മൂന്ന് വർഷത്തെ ഭരണം അവസാനിപ്പിച്ച്‌ പുറത്ത് പോകേണ്ട സാഹചര്യമാണ് കേരളത്തിലെ സതീശൻ സർക്കാരിനെ സംബന്ധിച്ച്‌ നേരിടേണ്ടി വരിക. അതാകട്ടെ വ്യക്തവുമാണ്.

EXPRESS VIEW

വീഡിയോ കാണാം..

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala