തിരഞ്ഞെടുപ്പ് പത്രികയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ച് ടി.വി.കെ. നേതാവ് വിജയ്. സമർപ്പിച്ച പുതുക്കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ വർധനവ് രേഖപ്പെടുത്തി.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ സമർപ്പിച്ച പത്രികകളില്‍ പ്രായം, ക്രിമിനല്‍ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ തെറ്റുകള്‍ തിരുത്തി പുതിയ സത്യവാങ്മൂലം വരണാധികാരിക്ക് കൈമാറുകയായിരുന്നു.
പുതുക്കിയ കണക്കുകള്‍ പ്രകാരം വിജയ്‍ക്ക് 410.59 കോടി രൂപയുടെ ജംഗമ വസ്തുക്കളും (സ്വർണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെ) 220.15 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട്. നീലങ്കരയിലെയും സാലിഗ്രാമിലെയും വീടുകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 630.74 കോടി രൂപയാണ്. ഇതിന് പുറമെ ഭാര്യ സംഗീതയുടെ പേരില്‍ 15.76 കോടി രൂപയുടെ ആസ്തിയുമുണ്ട്. ആദ്യ സത്യവാങ്മൂലത്തില്‍ 404.58 കോടി രൂപയുടെ ആസ്തിയായിരുന്നു കാണിച്ചിരുന്നത്.
ആദ്യത്തെ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ രണ്ട് കേസുകളുടെ വിവരങ്ങള്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായത്തിന്റെ കാര്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പവും പുതിയ പത്രികയില്‍ പരിഹരിച്ചു. പിന്താങ്ങുന്നവർ മുഖേനയാണ് പെരമ്പൂരില്‍ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് മുൻപ് തന്നെ പിഴവുകള്‍ തിരുത്താനായത് വിജയ്‍ക്ക് ആശ്വാസമായി.

