ആഗോള ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികള്‍ക്കൊപ്പം സഞ്ചരിക്കാൻ വൻകിട കമ്പനികള്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ കൂട്ടുപിടിക്കുന്നു.
ഉല്‍പ്പന്നങ്ങളുടെ നിർമ്മാണ സമയം കുറയ്ക്കാനും ചിലവ് നിയന്ത്രിക്കാനും പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായി സൗന്ദര്യവർദ്ധക രംഗത്തെ മുൻനിരക്കാരായ ലോറിയല്‍ മുതല്‍ ചോക്ലേറ്റ് നിർമ്മാതാക്കളായ മൊണ്ടെലെസ്, നെസ്‌ലെ തുടങ്ങിയ ഭീമന്മാരും ഇപ്പോള്‍ എഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ്. വിയന്നയില്‍ നടന്ന കണ്‍സ്യൂമർ ഗുഡ്‌സ് ഫോറം ഗ്ലോബല്‍ ഉച്ചകോടിയിലാണ് കമ്പനി പ്രതിനിധികള്‍ ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലോറിയലിന്റെ കരുത്ത് എഐ
കഴിഞ്ഞ നാല് വർഷമായി ലാബുകളില്‍ ലോറിയല്‍ എഐ ഉപയോഗിക്കുന്നുണ്ട്. ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഷാംപൂവിലും ഫലപ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് എഐ ആണ്. പുതിയ തന്മാത്രകള്‍ ചർമ്മത്തിലും മുടിയിലും എന്ത് മാറ്റം വരുത്തുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നതോടെ, ഉല്‍പ്പന്ന നിർമ്മാണത്തിന്റെ വേഗത നാല് മടങ്ങ് വർദ്ധിപ്പിക്കാൻ ലോറിയലിന് സാധിച്ചു. വല്‍പ്പനയിലെ ഇടിവ് നികത്താൻ സിഇഒ നിക്കോളാസ് ഹീറോണിമസ് പ്രഖ്യാപിച്ച ‘ബ്യൂട്ടി സ്റ്റിമുലസ് പ്ലാനിന്’ എഐയുടെ കടന്നുവരവ് വലിയ കരുത്താണ് നല്‍കുന്നത്.
രുചികരമായ മാറ്റങ്ങളുമായി മൊണ്ടെലെസും നെസ്‌ലെയും
കാഡ്ബറി, ടോബ്ലെറോണ്‍ തുടങ്ങിയവയുടെ നിർമ്മാതാക്കളായ മൊണ്ടെലെസ് തങ്ങളുടെ പുതിയ റെസിപ്പികള്‍ക്കായി എഐയെ സമർത്ഥമായി ഉപയോഗിക്കുന്നു. ‘ഗ്ലൂട്ടൻ ഫ്രീ ഗോള്‍ഡൻ ഒറിയോ’, ‘ചിപ്‌സ് അഹോയ്’ എന്നിവയുടെ പുതിയ പതിപ്പുകള്‍ എഐയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ്. എഐ തയ്യാറാക്കിയ 60 ശതമാനം റെസിപ്പികളും പോഷകഗുണം, ചിലവ്, സുസ്ഥിരത എന്നിവയില്‍ മികച്ച നിലവാരം പുലർത്തുന്നുണ്ട്.
നെസ്‌ലെ, ഹാലിയോണ്‍ തുടങ്ങിയ കമ്പനികളും വിതരണ ശൃംഖലയിലെ പോരായ്മകള്‍ പരിഹരിക്കാനും ചേരുവകള്‍ വേഗത്തില്‍ പരിശോധിക്കാനും എഐ ഉപയോഗിക്കുന്നു. വർഷങ്ങള്‍ എടുത്തിരുന്ന ഉല്‍പ്പന്ന നിർമ്മാണം ഇപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂർത്തിയാക്കാൻ എഐ സഹായിക്കുന്നുണ്ടെന്ന് മൊണ്ടെലെസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ അസംസ്‌കൃത വസ്തുവിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സാങ്കേതികവിദ്യ കമ്പനികളെ സഹായിക്കുന്നുണ്ട്.

