മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളിലെ രാസവസ്തുക്കള്‍ ഗർഭസ്ഥ ശിശുക്കളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നതായി പുതിയ പഠന റിപ്പോർട്ടുകള്‍.
പ്ലാസ്റ്റിക്കിന് വഴക്കം നല്‍കാനായി ചേർക്കുന്ന ഫ്താലേറ്റുകള്‍ എന്ന രാസവസ്തുക്കള്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് അകാല ജനനങ്ങള്‍ക്കും ആയിരക്കണക്കിന് നവജാത ശിശുമരണങ്ങള്‍ക്കും കാരണമാകുന്നതായാണ് കണ്ടെത്തല്‍. 2018-ല്‍ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 20 ലക്ഷത്തോളം അകാല ജനനങ്ങളും 74,000 ശിശുമരണങ്ങളും പ്ലാസ്റ്റിക്കിലെ മാരക രാസവസ്തുക്കളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ചുറ്റുമുള്ള മിക്കവാറും എല്ലാ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളിലും അടങ്ങിയിരിക്കുന്നതിനാല്‍ ഇവയെ ‘എവരിവെയർ കെമിക്കല്‍സ്’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. കളിപ്പാട്ടങ്ങള്‍, ഭക്ഷണ പാത്രങ്ങള്‍, ഷവർ കർട്ടനുകള്‍, സൗന്ദര്യവർധക വസ്തുക്കളായ ഷാംപൂ, സോപ്പ്, നെയില്‍ പോളിഷ് എന്നിവയിലൊക്കെ ഇവയുടെ സാന്നിധ്യമുണ്ട്. പ്ലാസ്റ്റിക്കിനെ മൃദുവാക്കാൻ ഉപയോഗിക്കുന്ന DEHP, DiNP തുടങ്ങിയ രാസവസ്തുക്കളാണ് ഇതില്‍ പ്രധാന വില്ലന്മാർ.
ഗർഭസ്ഥ ശിശുവിന് ഓക്സിജനും പോഷകങ്ങളും നല്‍കുന്ന പ്ലാസന്റയുടെ സ്വാഭാവിക പ്രവർത്തനത്തെ ഈ രാസവസ്തുക്കള്‍ തടസ്സപ്പെടുത്തുന്നു. ഇത് ഗർഭാവസ്ഥയുടെ 37 ആഴ്ചകള്‍ തികയുന്നതിന് മുൻപേയുള്ള പ്രസവത്തിന് വഴിതെളിക്കുന്നു. അകാലത്തില്‍ ജനിക്കുന്ന കുട്ടികളില്‍ ശ്വസന വൈകല്യങ്ങള്‍, സെറിബ്രല്‍ പാള്‍സി, കാഴ്ച-കേള്‍വി കുറവ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നല്‍കുന്നു. പ്ലാസന്റയിലൂടെ ഈ രാസവസ്തുക്കള്‍ ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്ക് നേരിട്ട് എത്തുന്നതായും പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷിയെയും ഫ്താലേറ്റുകള്‍ സാരമായി ബാധിക്കുന്നുണ്ട്. ശരീരത്തിലെ ഹോർമോണ്‍ സന്തുലിതാവസ്ഥ തെറ്റിക്കുന്നതിലൂടെ ബീജങ്ങളുടെ എണ്ണം കുറയാനും ടെസ്റ്റോസ്റ്റിറോണ്‍ അളവ് താഴാനും ഇത് കാരണമാകുന്നു. മുതിർന്നവരില്‍ ഹൃദ്രോഗം മൂലമുള്ള അകാല മരണങ്ങള്‍ക്കും കുട്ടികളിലെ അമിതവണ്ണം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കും ഈ 'പ്ലാസ്റ്റിക് വിഷം' കാരണമാകുന്നുണ്ട്.
പ്ലാസ്റ്റിക് മലിനീകരണം പൂർണ്ണമായും ഒഴിവാക്കാനാവില്ലെങ്കിലും ചില മുൻകരുതലുകള്‍ വഴി ഇതിന്റെ ആഘാതം കുറയ്ക്കാം. മൈക്രോവേവ് ഓവനുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം ചൂടാക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന നിർദ്ദേശം. ചൂടാകുമ്പോള്‍ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് വേഗത്തില്‍ കലരുന്നു. വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ‘Phthalate-free’ എന്ന് രേഖപ്പെടുത്തിയവ തിരഞ്ഞെടുക്കാനും, വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ശരീരത്തിലെത്തുന്ന ഈ രാസവസ്തുക്കള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറന്തള്ളപ്പെടുമെന്നതിനാല്‍, ശരിയായ മുൻകരുതലുകള്‍ വഴി വലിയൊരു പരിധി വരെ ആരോഗ്യപ്രശ്നങ്ങള്‍ തടയാനാകും.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

