Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിയമപരമായ വിവാഹമല്ല പ്രധാനം, ബന്ധത്തിന്റെ ആഴമാണ്; ലിവ്-ഇൻ പങ്കാളികളുടെ ഗാര്‍ഹിക പീഡന പരാതിയില്‍ സുപ്രീം കോടതി നിര്‍ണ്ണായക ഉത്തരവ്

നിയമപരമായ വിവാഹമല്ല പ്രധാനം, ബന്ധത്തിന്റെ ആഴമാണ്; ലിവ്-ഇൻ പങ്കാളികളുടെ ഗാര്‍ഹിക പീഡന പരാതിയില്‍ സുപ്രീം കോടതി നിര്‍ണ്ണായക ഉത്തരവ്

Express Kerala 1 week ago

ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് പ്രകാരം കേസ് നല്‍കാൻ ലിവ്-ഇൻ ബന്ധത്തിലുള്ള പങ്കാളികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എന്നാല്‍ ഈ ബന്ധം വിവാഹത്തിന് തുല്യമായ സ്വഭാവമുള്ളതാണെന്ന് തെളിയിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ 15 വർഷമായി ലിവ്-ഇൻ ബന്ധത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പങ്കാളിയും അയാളുടെ കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കാത്തതിനാല്‍ 498A വകുപ്പ് പ്രകാരം ലിവ്-ഇൻ പങ്കാളിക്ക് കേസ് നിലനില്‍ക്കില്ലെന്നായിരുന്നു എതിർഭാഗത്തിന്റെ പ്രധാന വാദം. ഈ വാദം പൂർണ്ണമായി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.

ദീർഘകാലമായി വിവാഹിതരെപ്പോലെ ഒന്നിച്ച്‌ ജീവിക്കുകയും സമൂഹത്തില്‍ ഭാര്യാഭർത്താക്കന്മാരായി അറിയപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് 498A വകുപ്പ് പ്രകാരമുള്ള നിയമ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ലളിതമായി ഒന്നിച്ചുജീവിച്ചു എന്നത് കൊണ്ട് മാത്രം ഈ പരിരക്ഷ ലഭിക്കില്ലെന്നും, ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സ്വഭാവവും വ്യക്തമാകേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

ഗാർഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക എന്നതാണ് 498A വകുപ്പിന്റെ അടിസ്ഥാന ലക്ഷ്യം. അതിനാല്‍ നിയമപരമായി വിവാഹം കഴിച്ചില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി, ദീർഘകാലം ഒന്നിച്ച്‌ ജീവിച്ച സ്ത്രീക്ക് ഈ സംരക്ഷണം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ലിവ്-ഇൻ ബന്ധങ്ങളില്‍ ഏർപ്പെടുന്ന സ്ത്രീകള്‍ക്ക് വലിയ തോതില്‍ നിയമപരമായ സുരക്ഷ ഉറപ്പുനല്‍കുന്നതാണ് ഈ വിധി. ഗാർഹിക പീഡന നിരോധന നിയമപ്രകാരം ലിവ്-ഇൻ പങ്കാളികള്‍ക്ക് നേരത്തെ തന്നെ പരാതി നല്‍കാൻ അവകാശമുള്ളതിന് പിന്നാലെയാണ് 498A വകുപ്പിലും കോടതിയുടെ ഈ വ്യക്തത വന്നിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala