ഇന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ കിയ സോണറ്റിന് ഓഗസ്റ്റ് മാസത്തില്‍ വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ചു.
മോഡലുകള്‍ക്ക് അനുസരിച്ച് 45,000 രൂപ വരെ ആനുകൂല്യങ്ങളാണ് കിയ ഇന്ത്യ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. സോണറ്റിന്റെ പുതിയ 2026 പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 15,000 രൂപ കോർപ്പറേറ്റ് ആനുകൂല്യവും, 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ആനുകൂല്യവും ലഭിക്കും. 7.41 ലക്ഷം രൂപ മുതല്‍ 14.37 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ നിലവിലെ എക്‌സ്-ഷോറൂം വില.
ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഓ തുടങ്ങിയ മോഡലുകളോട് കടുത്ത മത്സരം കാഴ്ചവെക്കുന്ന സോണറ്റ് മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. 1.0 ലിറ്റർ ടർബോ പെട്രോള്‍, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റർ ഡീസല്‍ എന്നിവയാണവ. സുരക്ഷയ്ക്കായി 6 എയർബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍-1 എഡിഎഎസ് (ADAS) സാങ്കേതികവിദ്യ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
45,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭ്യമായതിനാല്‍ ഈ മാസത്തില്‍ സോണറ്റ് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് മികച്ച അവസരമാണ്. എന്നാല്‍ ഡീലർഷിപ്പുകള്‍, സ്റ്റോക്ക്, വാഹനത്തിന്റെ വകഭേദങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ഓഫറുകളില്‍ മാറ്റം വരാൻ സാധ്യതയുള്ളതിനാല്‍ ബുക്ക് ചെയ്യുന്നതിന് മുൻപ് അടുത്തുള്ള കിയ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും.

