ഇന്ത്യയുടെ സായുധ സേന നടത്തിയ ഐതിഹാസിക സൈനിക നടപടിയായ 'ഓപ്പറേഷൻ സിന്ദൂർ' ഒന്നാം വാർഷികം ആഘോഷിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി ആദരവ് പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി തന്റെ പ്രൊഫൈല്‍ ചിത്രം ഓപ്പറേഷൻ സിന്ദൂറിന്റെ സ്മാരക ചിത്രമാക്കി മാറ്റിയതിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരടക്കം പ്രമുഖർ ഈ ഡിജിറ്റല്‍ ആദരാഞ്ജലിയില്‍ പങ്കുചേർന്നു. ദേശീയ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി ഈ ദിനത്തെ രാജ്യം ഹൃദയപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്.
2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 നിരപരാധികളെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. വിനോദസഞ്ചാരികളെ മതം ചോദിച്ചു മനസ്സിലാക്കി വെടിവെച്ചു കൊന്ന ലഷ്കർ-ഇ-തൊയ്ബയുടെ ക്രൂരതയ്ക്ക് മറുപടിയായി, മെയ് 6-7 തീയതികളില്‍ പാകിസ്ഥാൻ മണ്ണിലെയും പി.ഒ.കെയിലെയും ഭീകര താവളങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞു. നീതി നടപ്പാക്കിയെന്നും ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ വാർഷിക വേളയില്‍ ഇന്ത്യൻ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍, കൃത്യമായ ആസൂത്രണത്തോടെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യ എങ്ങനെ തകർത്തുവെന്ന് വിശദീകരിക്കുന്നുണ്ട്. “ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല” എന്ന പ്രധാനമന്ത്രിയുടെ ശക്തമായ വാക്കുകള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്നവരെ ട്രാക്ക് ചെയ്യാനും ശിക്ഷിക്കാനും ഇന്ത്യക്ക് മടിയുണ്ടാകില്ലെന്ന മുന്നറിയിപ്പ് ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ സൈന്യം ആവർത്തിച്ചു.
ഇന്ത്യയുടെ സൈനികവും തന്ത്രപരവുമായ ശേഷിയുടെ ഉത്തമ ഉദാഹരണമായാണ് ഓപ്പറേഷൻ സിന്ദൂർ വിലയിരുത്തപ്പെടുന്നത്. തന്ത്രപരമായ സംയമനം പാലിക്കുമ്പോഴും ഭീകരതയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ നയം ഈ സൈനിക നീക്കം ഉറപ്പിച്ചു. ഭീഷണികളെ നിർവീര്യമാക്കാനും ശത്രുരാജ്യത്തിന് വ്യക്തമായ സന്ദേശം നല്‍കാനും കഴിഞ്ഞ ഈ ഓപ്പറേഷൻ, ഭാരതത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിയുടെ അടയാളമായി നിലനില്‍ക്കുന്നു.

