Dailyhunt
പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം

Express Kerala 3 weeks ago

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഗുരുതരമായ വോട്ട് കോഴ ആരോപണങ്ങള്‍ ഉയരുന്നു. കല്ലേക്കാട് ഭാഗത്ത് വോട്ടർമാർക്ക് വ്യാപകമായി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ സിപിഐഎം സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ ലഭിച്ചത് ഇന്നാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രൻ വ്യക്തമാക്കി.

പാലക്കാട്ടെ കണ്ണാടി മേഖലയില്‍ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന മറ്റൊരു വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് കാറുകളിലായി എത്തിയ സംഘം 5000 രൂപ വീതം വോട്ടർമാർക്ക് നല്‍കിയെന്നാണ് കെഎസ്‌യു ജില്ലാ നേതൃത്വം ആരോപിക്കുന്നത്. പ്രദേശത്തെ ഒരു മരണവീട് സന്ദർശിക്കാനെത്തിയ ശോഭാ സുരേന്ദ്രനും സംഘവും തൊട്ടടുത്ത വീട്ടിലെ വൃദ്ധയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകർ മൊബൈലില്‍ പകർത്തിയിരുന്നു. ഇതോടെ പ്രകോപിതയായ സ്ഥാനാർത്ഥി പ്രവർത്തകർക്ക് നേരെ തട്ടിക്കയറുകയും അടിച്ചു കരണക്കുറ്റി പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് വലിയ വിവാദമായിട്ടുണ്ട്.

ബിജെപിയുടെ ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കി. ഒരു സ്ഥാനാർത്ഥി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായാണ് കാണുന്നതെന്നും ശോഭാ സുരേന്ദ്രനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ബിജെപി പണം വിതരണം ചെയ്തതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala