Dailyhunt
പന്തിനെ ശകാരിച്ചോ? ഡാമേജ് കണ്‍ട്രോള്‍ വീഡിയോയുമായി എല്‍എസ്ജി; 'പാപങ്ങള്‍ കഴുകാൻ ശ്രമിക്കുന്നു' എന്ന് ആരാധകര്‍

പന്തിനെ ശകാരിച്ചോ? ഡാമേജ് കണ്‍ട്രോള്‍ വീഡിയോയുമായി എല്‍എസ്ജി; 'പാപങ്ങള്‍ കഴുകാൻ ശ്രമിക്കുന്നു' എന്ന് ആരാധകര്‍

Express Kerala 2 weeks ago

പിഎല്‍ 2026-ലെ ആദ്യ മത്സരത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എല്‍എസ്ജി) ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ സഞ്ജീവ് ഗോയങ്ക പന്തിനോട് രൂക്ഷമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ രീതിയിലുള്ള ആരാധകരോഷത്തിന് കാരണമായിരുന്നു. മുമ്പ് കെ.എല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ചരിത്രമുള്ള ഗോയങ്ക, പന്തിനോടും സമാനമായ രീതിയില്‍ പെരുമാറിയെന്ന തരത്തിലാണ് വിമർശനങ്ങള്‍ ഉയർന്നത്. മത്സരത്തിലെ ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ പൊതുമധ്യത്തില്‍ താരങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ആരാധകർ രംഗത്തെത്തി.

വിവാദങ്ങള്‍ കെട്ടടക്കുന്നതിനായി സഞ്ജീവ് ഗോയങ്ക, മകൻ ശാശ്വത്, കോച്ച്‌ ജസ്റ്റിൻ ലാംഗർ എന്നിവർ പന്തുമായി സൗഹൃദപരമായി സംസാരിക്കുന്ന മറ്റൊരു “ഫില്‍ട്ടർ ചെയ്യാത്ത” വീഡിയോ എല്‍എസ്ജി ഫ്രാഞ്ചൈസി ഔദ്യോഗികമായി പുറത്തുവിട്ടു. “നിങ്ങള്‍ കാണുന്നതല്ല യഥാർത്ഥ കഥ” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ ഈ വീഡിയോയില്‍ ഓഡിയോ വ്യക്തമല്ലെങ്കിലും എല്ലാവരും ചിരിച്ചു സംസാരിക്കുന്നത് കാണാം. എന്നാല്‍ ഫ്രാഞ്ചൈസിയുടെ ഈ വിശദീകരണ നീക്കം പാളിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ പുതിയ വീഡിയോ ഗോയങ്കയ്‌ക്കെതിരെ കൂടുതല്‍ വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തത്.

എക്സിലെ (X) കമ്മ്യൂണിറ്റി കുറിപ്പുകളിലൂടെ ആരാധകർ ഈ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്തു. സഞ്ജീവ് ഗോയങ്ക തന്റെ “പാപങ്ങള്‍ കഴുകിക്കളയാൻ” വേണ്ടി ബോധപൂർവം ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംഘർഷമുണ്ടായ സമയത്ത് വലിയ ആള്‍ക്കൂട്ടം പരിസരത്തുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ പുതിയ വീഡിയോയില്‍ ആള്‍ക്കൂട്ടമില്ലാത്തത് ശ്രദ്ധേയമാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ വേണ്ടി ഋഷഭ് പന്തിനെ തിരികെ വിളിച്ചു വരുത്തി ‘ദൃശ്യം’ സിനിമയിലെ പോലെ രംഗം പുനഃസൃഷ്ടിക്കുകയായിരുന്നുവെന്ന് ആരാധകർ പരിഹസിക്കുന്നു. ടീം മാനേജ്‌മെന്റിന്റെ അമിത ഇടപെടലില്‍ എല്‍എസ്ജിയില്‍ അസ്വസ്ഥതകള്‍ പുകയുന്നുണ്ടെന്ന സൂചനകളാണ് ഈ സംഭവവികാസങ്ങള്‍ നല്‍കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala