Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരീക്ഷാ തട്ടിപ്പുകളുടെ പരമ്പര! യുജിസി നെറ്റിലും വമ്പൻ അഴിമതിയെന്ന് രാഹുല്‍ ഗാന്ധി; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

പരീക്ഷാ തട്ടിപ്പുകളുടെ പരമ്പര! യുജിസി നെറ്റിലും വമ്പൻ അഴിമതിയെന്ന് രാഹുല്‍ ഗാന്ധി; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

Express Kerala 4 months ago

യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.

നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ഉണ്ടായ ഈ സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയ്ക്ക് മുൻപ് 100 പേജുള്ള പിഡിഎഫ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നതായും, ഇതിലെ 90 ശതമാനത്തിലധികം ചോദ്യങ്ങളും യഥാർഥ പരീക്ഷയില്‍ ആവർത്തിച്ചതായും രാഹുല്‍ ചൂണ്ടിക്കാട്ടി. ബിഹാർ, യുപി, ഹരിയാണ, ഡല്‍ഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ ഈ ചോദ്യപേപ്പർ 2.25 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും വരാനിരിക്കുന്ന മറ്റ് മത്സരപ്പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഇതേ ശൃംഘല വില്‍ക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയില്‍ നിന്നോ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നോ നീതി പ്രതീക്ഷിക്കുന്നത് വ്യർഥമാണെന്നും, വിദ്യാർഥികളുടെ കൂട്ടായ ശബ്ദത്തിലൂടെ മാത്രമേ രാജ്യത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.) പൂർണ്ണമായും നിഷേധിച്ചു. പരീക്ഷ നടന്ന് ആറു ദിവസത്തിന് ശേഷമാണ് ചോദ്യപേപ്പർ പുറത്തുവന്നതെന്നും അതിനാല്‍ ചോർച്ച നടന്നിട്ടില്ലെന്നുമാണ് എൻ.ടി.എയുടെ വാദം. നൂറ് ചോദ്യങ്ങളടങ്ങിയ പേപ്പറില്‍ 96 എണ്ണം പരീക്ഷയില്‍ ആവർത്തിച്ചു എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായെങ്കിലും, ഔദ്യോഗികമായി പരീക്ഷാ നടത്തിപ്പുകാർ ഇത് തള്ളിക്കളയുകയാണ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala