യൂറോപ്പിന്റെ പ്രകൃതിദത്ത ജലസംഭരണികളായ സ്വിറ്റ്സർലൻഡിലെ മഞ്ഞുപാളികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
വിനോദസഞ്ചാരികളുടെ പറുദീസ എന്നതിലുപരി യൂറോപ്പിലെ പ്രമുഖ നദികളുടെ ജീവനാഡിയായ ആല്‍പ്സ് പർവതനിരകളിലെ ഈ ഹിമപാളികള്‍ ഇന്ന് ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും നേർക്കാഴ്ചയായി മാറിക്കഴിഞ്ഞു. ശാന്തമായി ഒഴുകിയിരുന്ന ഹിമസാമ്രാജ്യം അതിവേഗം ഉരുകിത്തീരുന്നത് വരുംതലമുറയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ശൈത്യകാലത്ത് രൂപപ്പെടുന്ന മഞ്ഞുപാളികള്‍ വേനലിലെ കടുത്ത ചൂടില്‍ നിന്ന് ഹിമാനികളെ സംരക്ഷിക്കുന്ന ഒരു കവചമായാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍ അവസാനത്തോടെത്തന്നെ ഈ സംരക്ഷണ വലയം പൂർണ്ണമായും അപ്രത്യക്ഷമായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സാധാരണഗതിയില്‍ ‘ഗ്ലേസിയർ ലോസ് ഡേ’ അഥവാ ശൈത്യകാലത്തെ മഞ്ഞുരുകിത്തീരുന്ന ദിവസം ഓഗസ്റ്റ് പകുതിയോടെയാണ് സംഭവിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയേക്കാള്‍ ആറാഴ്ച മുൻപ്, ജൂണ്‍ 29-ഓടെത്തന്നെ മഞ്ഞുപാളികള്‍ പൂർണ്ണമായി ഉരുകിത്തീർന്നു. യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന അസാധാരണമായ ഉഷ്ണതരംഗമാണ് ഇതിന് പിന്നിലെ പ്രധാന വില്ലൻ.
ചരിത്രത്തിലാദ്യമായി 2022-ലായിരുന്നു ഇത്തരമൊരു നേരത്തെയുള്ള മഞ്ഞുരുകല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിനോട് സമാനമായ രീതിയില്‍ ആശങ്കാജനകമാണെന്ന് ഗ്ലേസിയർ മോണിറ്ററിങ് സ്വിറ്റ്സർലൻഡ് (GLAMOS) വ്യക്തമാക്കുന്നു. മഞ്ഞുഗുഹകള്‍ക്ക് പേരുകേട്ട പ്രസിദ്ധമായ റോണ്‍ ഹിമാനിയില്‍ നിന്ന് വെറും പത്തുദിവസം കൊണ്ട് ഒരു മീറ്ററോളം ഐസാണ് ഉരുകിത്തീർന്നതെന്ന് ഗ്ലേസിയർ മോണിറ്ററിങ് സ്വിറ്റ്സർലൻഡ് മേധാവി മാതിയാസ് ഹസ് ചൂണ്ടിക്കാണിക്കുന്നു. ആല്‍പ്സ് പർവതനിരകളുടെ ഹൃദയഭാഗത്ത് ഏകദേശം നാലായിരത്തിലധികം മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹിമാനികളില്‍ ഇനി നേർത്ത പാളികള്‍ മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ ശൈത്യകാലമായിരുന്നു കഴിഞ്ഞുപോയത്. 2010-2020 കാലഘട്ടത്തിലെ ശരാശരിയേക്കാള്‍ 25 ശതമാനം കുറവ് മഞ്ഞുവീഴ്ച മാത്രമാണ് ഇത്തവണ ഉണ്ടായത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ സർവേകളില്‍ സ്വിസ് ആല്‍പ്‌സിന്റെ മിക്ക ഭാഗങ്ങളിലും മഞ്ഞിന്റെ ആഴം സാധാരണയേക്കാള്‍ വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ, അസാധാരണമായി വരണ്ടതും ചൂടേറിയതുമായ വസന്തകാലവും ഇവിടുത്തെ മഞ്ഞുപാളികളെ പ്രതികൂലമായി ബാധിച്ചു.
ഹിമാനികളുടെ നാശത്തിന് വേഗത കൂട്ടിയ മറ്റൊരു പ്രധാന ഘടകം സഹാറ മരുഭൂമിയില്‍ നിന്നെത്തിയ പൊടിക്കാറ്റാണ്. മരുഭൂമിയിലെ പൊടിപടലങ്ങള്‍ വെളുത്ത മഞ്ഞുപാളികള്‍ക്ക് മുകളില്‍ വന്നടിഞ്ഞതോടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള മഞ്ഞിന്റെ ശേഷി കുറയുകയും, കൂടുതല്‍ ചൂട് ആഗിരണം ചെയ്ത് മഞ്ഞുരുകല്‍ പ്രക്രിയ അതിവേഗത്തിലാകുകയും ചെയ്തു. വരും ദിവസങ്ങളിലും ചൂട് ഇതേപടി തുടരുകയാണെങ്കില്‍ സ്വിറ്റ്സർലൻഡിലെ ഹിമപാളികള്‍ക്ക് വൻ നാശനഷ്ടമുണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 170 വർഷങ്ങളായി സ്വിസ് ഹിമാനികള്‍ ഉരുകുന്നുണ്ടെങ്കിലും സമീപകാല പതിറ്റാണ്ടുകളിലാണ് ഇതിന്റെ തോത് ഭയപ്പെടുത്തുന്ന രീതിയില്‍ വർദ്ധിച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കാരണം 2000-ത്തിനും 2024-നും ഇടയില്‍ മഞ്ഞുപാളികളുടെ വ്യാപ്തി 38 ശതമാനമായാണ് ചുരുങ്ങിയത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 1,200 ഹിമാനികളാണ് രാജ്യത്ത് നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായത്. ഇനി വെറും 1,300 ഹിമാനികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതേ സ്ഥിതി തുടർന്നാല്‍ 2100-ഓടെ ആല്‍പ്സ് പർവതനിരകളില്‍ വെറും ഐസ് കഷ്ണങ്ങള്‍ മാത്രമായി ഇവ അവശേഷിക്കുമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
മഞ്ഞുമലകള്‍ ഇത്തരത്തില്‍ അതിവേഗം ഉരുകുന്നത് അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും താപനില വീണ്ടും ഉയരുന്നതിന് കാരണമാകും. ഇത് ലോകമെമ്പാടും സമുദ്രജലനിരപ്പ് ഉയരുന്നതിലേക്ക് നയിക്കുകയും തീരദേശങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യും. ഭൂമിയിലെ വലിയൊരു ശതമാനം ശുദ്ധജലവും സംഭരിച്ചു വെച്ചിരിക്കുന്നത് ഈ ഹിമാനികളിലാണ്. ഈ പ്രകൃതിദത്ത ‘ജലഗോപുരങ്ങള്‍’ തകരുന്നതോടെ ഭാവിയില്‍ കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരളുകയും, വേനല്‍ക്കാലങ്ങളില്‍ കടുത്ത ജലക്ഷാമവും വൻ വരള്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.
കൂടാതെ, ഉരുകുന്ന മഞ്ഞുപാളികളില്‍ നിന്നുള്ള ശുദ്ധജലം വൻതോതില്‍ സമുദ്രത്തിലെത്തുന്നത് കടല്‍വെള്ളത്തിന്റെ സാന്ദ്രതയെയും ലവണാംശത്തെയും സാരമായി ബാധിക്കും. ഇത് ആഗോള സമുദ്ര ഉഷ്ണപ്രവാഹങ്ങളുടെ ഗതി മാറ്റുന്നതിനും സുനാമി, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയ ദുരന്തങ്ങള്‍ പതിവാകുന്നതിനും ഇടയാക്കും. ജൈവവൈവിധ്യത്തിനും മനുഷ്യരാശിയുടെ നിലനില്‍പ്പിനും ഇത് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.
കഴിഞ്ഞ അമ്പത് വർഷത്തിനിടെ ലോകത്ത് ഏറ്റവും വേഗത്തില്‍ ചൂടേറുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിക്കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം യൂറോപ്പിലെ ശരാശരി താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫ്രാൻസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിക്കഴിഞ്ഞു. മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിചൂഷണവും വരുത്തിവെച്ച ഈ വിപത്ത് യൂറോപ്പിനെ മാത്രമല്ല, വൈകാതെ ലോകത്തിലെ മറ്റു ഭൂഖണ്ഡങ്ങളെയും സമാനമായ രീതിയില്‍ വിഴുങ്ങുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

