ഇന്ത്യൻ സ്മാർട്ട്‌ഫോണ്‍ വിപണിയിലേക്ക് പുതിയൊരു 5ജി സാങ്കേതികവിദ്യയുമായി ഫിലിപ്സ് എത്തുന്നു. ഫിലിപ്സ് എസ്7221 എന്ന പുതിയ മോഡലാണ് കമ്പനി ഉടൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്.
ഈ ഫോണിന്റെ ആമസോണ്‍ മൈക്രോസൈറ്റ് ഇതിനകം തന്നെ ലൈവായിട്ടുണ്ട്. ഇന്ത്യയിലെ വില്‍പ്പന ആമസോണ്‍ വഴിയായിരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മികച്ച ഫീച്ചറുകളോടെയാണ് ഫിലിപ്സ് എസ്7221 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 120 ഹെർട്‍സ് റിഫ്രഷ് റേറ്റും പഞ്ച്-ഹോള്‍ കട്ട്‌ഔട്ടോടുകൂടിയ 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഫ്ലാറ്റ് ഡിസ്പ്ലേയുമാണ് ഇതിന്റെ പ്രധാന ആകർഷണം. പ്രകടനത്തിന്റെ കാര്യത്തില്‍, 6 ജിബി, 8 ജിബി റാം വേരിയന്റുകളിലും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് ഫോണ്‍ ലഭ്യമാകുന്നത്. എഐ സഹായത്തോടെ പ്രവർത്തിക്കുന്ന 64 മെഗാപിക്സല്‍ പ്രധാന പിൻ ക്യാമറയും സെല്‍ഫികള്‍ക്കായി 16 മെഗാപിക്സല്‍ മുൻ ക്യാമറയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ലംബമായ ലെൻസ് ക്രമീകരണവും ഫോണിന് മികച്ച ലുക്ക് നല്‍കുന്നുണ്ട്.
ദീർഘനേരം ചാർജ് നില്‍ക്കുന്ന 5700 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇതിനുപുറമെ, പൊടിയില്‍ നിന്നും വെള്ളം തെറിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഐപി64 റേറ്റിംഗും ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ക്കൊപ്പം അള്‍ട്രാ മാക്സ് ഓഡിയോ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്, സില്‍വർ, വൈറ്റ് നിറങ്ങളില്‍ ഫ്ലാറ്റ് ഫ്രെയിം ഡിസൈനിലാണ് ഫോണ്‍ എത്തുന്നത്. ഫിലിപ്സ് എസ്7221-ന്റെ കൃത്യമായ വിലയും ലോഞ്ച് തീയതിയും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വിവരങ്ങള്‍ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

